കണ്ണൂർ:കണ്ണൂർ കോർപറേഷൻ എടക്കാട് സോണിലെ നടാലിൽ കെ-റെയിൽ സർവേ കല്ല് സ്ഥാപിക്കാനുള്ള ശ്രമത്തിൽ നേരിയ സംഘർഷം. ഉദ്യോഗസ്ഥർക്ക് സംരക്ഷണം നൽകാനെത്തിയ എടക്കാട് പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കെ-റെയിൽ സർവേ കുറ്റി പ്രതിഷേധക്കാർ പിഴുത് മാറ്റുകയും ചെയ്‌തു.
അനുമതിയില്ലാതെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സർവേ കല്ല് സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയായിരുന്നു പ്രദേശവാസികളും പ്രതിഷേധക്കാരും കെ-റെയിൽ ഉദ്യോഗസ്ഥരെ തടഞ്ഞത്. ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജിന്‍റെയും യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെയും നേതൃത്ത്വത്തിലായിരുന്നു പ്രതിഷേധം.
കെ-റെയിൽ; കണ്ണൂർ എടക്കാട് സർവേ കല്ല് പിഴുതുമാറ്റി പ്രതിഷേധം സർവേ കല്ല് സ്ഥാപിക്കുന്നത് നിയമ പ്രകാരമാണെന്നും ഗസറ്റ് വിജ്ഞാപനം വന്നിട്ടുണ്ടെന്നും പഞ്ചായത്തിലും വില്ലേജിലും ഇതു സംബന്ധിച്ച് അറിയിപ്പ് നൽകിയതായും ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ തങ്ങൾക്ക് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് സ്ഥല ഉടമകൾ അറിയിച്ചു. ശക്തമായ സമരത്തെ തുടർന്ന് കല്ലിടുന്നത് താൽക്കാലികമായി നിർത്തിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം എടക്കാടിൻ്റെ സമീപ പ്രദേശമായ ചാലയിൽ നാട്ടിയ 13 സർവേ കല്ലുകൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിഴുത് മാറ്റിയിരുന്നു. ഇതേ തുടർന്ന് ഇന്ന് ചാലയിൽ കുറ്റിയിടാതെയാണ് എടക്കാട് എത്തിയത്.
ALSO READ: കെ റെയിലില്‍ പുതിയ തന്ത്രമിറക്കാന്‍ സര്‍ക്കാര്‍ ; പദ്ധതിയെ എതിര്‍ക്കുന്ന വിദഗ്‌ധരുമായി സംവാദം ഉടന്‍