കണ്ണൂർ: ജില്ലാ ജയിലിൽ നിർമിച്ച കിണ്ണത്തപ്പവും പൂച്ചട്ടിയും വിപണിയിലിറക്കി. ജയിൽ ഡിജിപി ഋഷിരാജ‌് സിങ് പുതിയ ഉൽപന്നങ്ങളുടെ വിൽപനോദ്ഘാടനം നിർവ്വഹിച്ചു. ജയിൽ വാർഷികാഘോഷത്തിന് തുടക്കം കുറിച്ച ചടങ്ങിൽ ബാലതാരം അഭിനന്ദ‌് മുഖ്യാതിഥിയായി.
കണ്ണൂർ ജില്ലാ ജയിലിൽ നിന്ന് ഇനി മുതൽ കിണ്ണത്തപ്പവും പൂച്ചട്ടിയും കിട്ടും 'കണ്ണൂരിന്‍റെ കിണ്ണത്തപ്പം' എന്നതാണ് ബ്രാൻഡ് നെയിം. പുറത്ത് കിലോയ്ക്ക് 150 രൂപ വിലവരുന്ന കിണ്ണത്തപ്പത്തിന് ജയിലിൽ 120 രൂപയാണ് വിലയിട്ടിരിക്കുന്നത്. സെൻട്രൽ ജയിലിന്‍റെ കൗണ്ടർ വഴിയാണ് വിതരണം. കൂടുതൽ വേണ്ടവർക്ക് മുൻകൂട്ടി ഫോണിൽ വിളിച്ച് ബുക്ക് ചെയ്യാം. നാല് തടവുകാരുടെ കൂട്ടായ്‌യാണ് കിണ്ണത്തപ്പം ഉണ്ടാക്കുന്നത്.
വിപണിയിൽ 140 മുതൽ 150 രൂപവരെ വിലവരുന്ന പൂച്ചട്ടികൾക്ക് 90 രൂപയാണ് ജയിലിൽ വില. ആവശ്യക്കാർക്ക് വേണ്ട മോഡലിൽ നിർമിച്ച് നൽകാനും പദ്ധതിയുണ്ട്. ജില്ലാ ജയിൽ കൂടുതൽ സൗകര്യങ്ങളോടെ തളിപ്പറമ്പിലേക്ക് മാറ്റുമെന്നും ശിലാസ്ഥാപനം ഉടൻ ഉണ്ടാകുമെന്നും പരിപാടി ഉദ്ഘാടനം ചെയ്‌ത് ഋഷിരാജ് സിംഗ് പറഞ്ഞു.
അതിനിടെ സെൻട്രൽ ജയിലിൽനിന്ന് 'കാരുണ്യഭക്ഷണം' എന്ന പദ്ധതിയുടെ ഉദ്ഘാടനവും ഡി.ജി.പി. നിർവഹിച്ചു. വിശക്കുന്നവർക്ക് ഒരുനേരത്തെ ആഹാരം നൽകാൻ താത്പര്യമുള്ളവർക്ക് സെൻട്രൽ ജയിലിലെ കൗണ്ടറിൽ പണമടച്ച് കൂപ്പൺ വാങ്ങി കൗണ്ടറിൽ പിൻചെയ്‌ത് വെക്കാം. ഭക്ഷണം ആവശ്യമുള്ളവർക്ക് ആ കൂപ്പൺ വാങ്ങി സൗജന്യമായി കൗണ്ടറിൽനിന്ന് ഭക്ഷണം കഴിക്കാവുന്ന പദ്ധതിയാണിത്.