കണ്ണൂർ: ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ പേരിൽ ജില്ലയിലെ പൊലീസ് സേനക്കെതിരെ രൂക്ഷവിമർശനവുമായി കണ്ണൂർ ജില്ലാ കലക്‌ടർ ടി.വി സുഭാഷ്. കലക്‌ടറുമായി ആലോചിക്കാതെ ജില്ലയിൽ പലയിടത്തും പൊലീസ് റോഡുകൾ അടച്ചത് ശരിയായ നടപടിയല്ലെന്ന് കാണിച്ച് ജില്ലാ പൊലീസ് മേധാവിക്ക് കലക്‌ടർ കത്തയച്ചു. ഹോട്ട്സ്‌പോട്ടുകള്‍ അല്ലാത്ത മേഖലകളിലും റോഡുകൾ കല്ലിട്ട് അടച്ചത് തെറ്റായ നടപടിയാണെന്നും ഹോട്ട്സ്‌പോട്ടുകള്‍ക്ക് പുറത്ത് അടച്ചിട്ട റോഡുകൾ പൊലീസ് ഉടനെ തുറക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ജില്ലാ ഭരണകൂടത്തിൻ്റെ അവലോകന യോഗത്തിൽ ജില്ലാ പൊലീസ് മേധാവിയായ എസ്‌പി യതീഷ് ചന്ദ്ര പങ്കെടുക്കാത്തതിനെ വിമർശിക്കുകയും പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നത് ജില്ലാ ഭരണകൂടത്തിൻ്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്ന് കത്തിൽ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.
പൊലീസ് നടപടിക്കെതിരെ എസ്‌പിക്ക് കത്തയച്ച് കണ്ണൂർ ജില്ലാ കലക്‌ടർ - കണ്ണൂർ ജില്ലാ കലക്‌ടർ
റോഡുകൾ അടച്ചത് അടക്കമുള്ള പൊലീസ് നടപടികളിൽ അപാകതയില്ലെന്ന് വിശദീകരിച്ച് എസ്‌പിയുടെ മറുപടി
ജില്ലയിലെ ആരോഗ്യപ്രവർത്തകരോട് പൊലീസ് മോശമായി പെരുമാറുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. രോഗികളുടെ വിവരങ്ങൾ ശേഖരിക്കുന്നതടക്കം പൊലീസ് നടപടിക്കെതിരെ നേരത്തെ പരാതി ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കലക്‌ടർ എസ്‌പിക്ക് കത്തയച്ചത്. അതേസമയം ലോക്ക് ഡൗൺ ഉൾപ്പെടെ കണ്ണൂരിൽ പൊലീസ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് രണ്ട് ഐജിമാരാണെന്നും പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതലയുള്ള ഐജി അശോക് യാദവിൻ്റയും വിജയ് സാക്കറെയുടെയും നിർദ്ദേശങ്ങൾ അനുസരിച്ചാണ് താൻ പ്രവർത്തിക്കുന്നതെന്നും എസ്‌പി യതീഷ് ചന്ദ്ര കത്തിന് മറുപടി നൽകി. റോഡുകൾ അടച്ചത് അടക്കമുള്ള പൊലീസ് നടപടികളിൽ അപാകതയില്ലെന്ന് വിശദീകരിച്ച എസ്‌പി ഐജിമാരുമായി കൂടിയാലോചിച്ച് ഇക്കാര്യത്തിൽ തുടർ തീരുമാനം എടുക്കുമെന്നും അറിയിച്ചു.