കണ്ണൂർ: ഭാഷാഭേദങ്ങൾ കൊണ്ട് സമ്പന്നമാണ് വടക്കൻ ജില്ലകളായ കണ്ണൂരും കാസർകോടും. കൗതുകവും ആശ്ചര്യവും ഒരു പോലെ നിറഞ്ഞ ഈ ജില്ലകളിലെ വാക്കുകൾ പറയുന്നത് കേൾക്കാൻ തന്നെ പ്രത്യേക ഭംഗിയാണ്. കാലിപ്പെറുക്കൽ, തുമ്പോട്ടി, ഇപ്പോളും, ഇപ്പൊറം എന്നു വേണ്ട കൊയക്ക്, തുമ്പോട്ടി, കണ്ടി തുടങ്ങിയ നിരവധി വാക്കുകൾ വടക്കൻ ജില്ലക്കാർക്ക് സ്വന്തമാണ്.
കണ്ണൂർ ഭാഷാഭേദ നിഘണ്ടു: ഇതര ജില്ലക്കാർ ഇവിടുത്തുകാരുടെ ഈ സംസാരം കേട്ട് അമ്പരന്ന് നിൽക്കാറുണ്ട്. അത്രയേറെ വ്യത്യസ്‌തമാണ് കണ്ണൂർ, കാസർക്കോട് സംസാര ശൈലി. ഇത്തരമൊരു സാഹചര്യത്തിൽ വടക്കൻ ജില്ലകളിലേയ്‌ക്ക് വരുന്നവർക്ക് ഇവിടെയുള്ള ഭാഷാഭേദത്തെക്കുറിച്ച് ആഴത്തിലുള്ള അറിവ് നൽകുന്നതിനായാണ് കണ്ണൂർ ഭാഷാഭേദ നിഘണ്ടു തയ്യാറാക്കിയത്. കണ്ണൂർ സർ സയ്യിദ് കോളേജിലെ ഹിന്ദി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. വി ടി വി മോഹനനും, ഭാര്യ തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയിലെ ഭാഷ ശാസ്‌ത്ര വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസർ സ്‌മിത കെ നായരുമാണ് ഈ നിഘണ്ടു തയ്യാറാക്കിയത്.
നിഘണ്ടു എന്ന ആശയം വന്ന വഴി: സർ സയ്യിദ് കോളേജിലെ ചായയ്‌ക്ക് ഒപ്പം കിട്ടിയ പലഹാരത്തിന്‍റെ പേരിൽ തോന്നിയ കൗതുകമാണ് പുസ്‌തകത്തിലെക്ക് വി ടി വി മോഹനനെ എത്തിച്ചത്. 12 വർഷത്തെ പരിശ്രമത്തിനൊടുവിലാണ് കണ്ണൂർ ഭാഷാഭേദ നിഘണ്ടു തയ്യാറാക്കുന്നതിനാവശ്യമായ പ്രാദേശിക വാക്കുകൾ കണ്ണൂർ സ്വദേശി കൂടിയായ ഇദ്ദേഹം ശേഖരിച്ചത്. സത്യത്തിൽ കോവിഡ് കാലം നിഘണ്ടു എന്ന ലക്ഷ്യത്തിലേയ്‌ക്കുള്ള അദ്ദേഹത്തിന്‍റെ ദൂരം കൂടുതൽ എളുപ്പമാക്കി എന്ന് തന്നെ പറയാം.