കണ്ണൂർ: ഒരു വീട്ടിലെ 13 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ഇതിലൊരാൾ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇവർക്ക് രോഗം പകർന്നുവെന്ന് സംശയിക്കുന്ന തലശ്ശേരി മീൻ മാർക്കറ്റ് പരിസരം പൊലീസും ആരോഗ്യ-റവന്യൂ വിഭാഗവും സീൽ ചെയ്തു. ധർമടം പഞ്ചായത്തിലെ 18 വാർഡുകളിലുമുള്ള പൊതുറോഡുകൾ ഞായറാഴ്ച വൈകീട്ട് മുതൽ പൊലീസ് അടച്ചു. ആളുകൾ നിശ്ചിത ദിവസത്തേക്ക് വീടിന് പുറത്തിറങ്ങരുതെന്നാണ് അറിയിപ്പ്. അവശ്യസാധനങ്ങൾ വീടുകളിലെത്തിക്കാൻ സന്നദ്ധ പ്രവർത്തകരെ വളണ്ടിയർമാരായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
ധർമടത്ത് കർശന നിയന്ത്രണങ്ങൾ; റോഡുകൾ അടച്ചു - കണ്ണൂർ കൊവിഡ്
ആളുകൾ നിശ്ചിത ദിവസത്തേക്ക് വീടിന് പുറത്തിറങ്ങരുതെന്ന് അറിയിപ്പ്.
പഞ്ചായത്തിലെ പതിമൂന്നാം വാർഡായ ചാത്തോടത്താണ് കൊവിഡ് സ്ഥിരീകരിച്ച കുടുംബം കഴിയുന്നത്. ഇതര വാർഡുകളിലെ ഏതാനും വീടുകളിൽ ഗൾഫിൽ നിന്നും മുംബൈ, ബെംഗളൂരു ഭാഗങ്ങളിൽ നിന്നുമെത്തിയവരും നിരീക്ഷണത്തിലുണ്ട്.
പതിമൂന്നാം വാർഡിൽ നേരത്തെ തന്നെ കണ്ടെയ്ന്റ്മെന്‍റ് സോണിലെ വ്യവസ്ഥകൾ നടപ്പാക്കിയിരുന്നു. ഇതോടൊപ്പം കഴിഞ്ഞ ഏതാനും ദിവസമായി പ്രധാന വാണിജ്യകേന്ദ്രമായ ചിറക്കുനി ബസാറും നിശ്ചലമാണ്. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ നടന്നിരുന്ന പാലയാട് ഹയർ സെക്കൻഡറി സ്കൂളിന് 500 മീറ്റർ പരിധിയിലായതിനാലായതിനാൽ ബസാറിലെ കച്ചവട സ്ഥാപനങ്ങൾ തുറക്കാൻ പൊലീസ് അനുവദിച്ചിരുന്നില്ല. തലശ്ശേരി ഒ.വി.റോഡ്, ലോഗൻസ് റോഡ്, മീൻ മാർക്കറ്റ് റോഡ് എന്നിവയും പൊലീസ് സീൽ ചെയ്തിട്ടുണ്ട്.