ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ് മാധ്യമങ്ങളോട് കണ്ണൂർ: ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് വെളിപ്പെടുത്തലിനെ തുടർന്ന് ജില്ലയിൽ സിപിഎം - കോൺഗ്രസ് പോര് മുറുകുന്നു. ഷുഹൈബ് വധത്തിന് പിന്നിൽ ഗൂഢാലോചന നടന്നു എന്നതിന്‍റെ വ്യക്തമായ തെളിവാണ് ആകാശ് തില്ലങ്കേരിയുടെ പ്രസ്‌താവനയെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്‍റ് അഡ്വ.മാർട്ടിൻ ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സിപിഎം ഗുണ്ട സംഘങ്ങൾ തമ്മിലുണ്ടായ പടലപ്പിണക്കമാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലിന് പിന്നിൽ.
എത്ര മൂടി വച്ചാലും സത്യം പുറത്തുവരും. ഷുഹൈബിനെ കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും കണ്ടെത്തണമെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഷുഹൈബ് വധത്തിൽ സിപിഎം നേതാക്കൾക്കുള്ള പങ്ക് സിബിഐ അന്വേഷിക്കണം. സിപിഎം നേതൃത്വം അറിഞ്ഞുകൊണ്ടാണ് ഷുഹൈബ് വധം നടന്നത്. അതിന് ആകാശ് തില്ലങ്കേരി അടക്കമുള്ള ഗുണ്ടകളെ അവർ ഉപയോഗിച്ചു. അതിനു ശേഷം വിവാഹം, വീട്, ജയിലിൽ വേണ്ട കാര്യങ്ങൾ ഉൾപ്പെടെയുള്ള സംരക്ഷണം അവർക്ക് നൽകുകയും ചെയ്യുന്നു. സിപിഎം നേതൃത്വം ഗുണ്ടകളെ വളർത്തുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.
ഷുഹൈബ് കൊല ചെയ്യപ്പെട്ട കാലത്ത് സിപിഎം ജില്ല സെക്രട്ടറിയായിരുന്ന പി ജയരാജന്‍റെ പങ്ക് അന്വേഷിക്കണമെന്ന് കൊല്ലപ്പെട്ട ഷുഹൈബിന്‍റെ പിതാവ് മുഹമ്മദ് ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി അറിയാതെ കൊലപാതകം നടക്കില്ലെന്നും മുഴുവൻ കുറ്റവാളികളെയും കണ്ടെത്താൻ സിബിഐ അന്വേഷണം വേണമെന്നും ഷുഹൈബിന്‍റെ പിതാവ് വ്യക്തമാക്കി.
അതേസമയം, വെളിപ്പെടുത്തൽ നടത്തിയ ആകാശ് തില്ലങ്കേരിയെ തള്ളി സിപിഎമ്മും ഡിവൈഎഫ്ഐയും രംഗത്തെത്തി. ആകാശി തില്ലങ്കേരിയെ 'ക്വട്ടേഷൻ രാജാവ്' എന്നാണ് എം വി ജയരാജൻ വിശേഷിപ്പിച്ചത്. ആകാശിൻ്റെ ക്രിമിനൽ പശ്ചാത്തലം അന്വേഷിക്കണമെന്ന് എം വി ജയരാജൻ പറഞ്ഞു. സമുഹമാധ്യമങ്ങൾ വഴി എന്തും വിളിച്ചു പറയാമെന്നും ആരെയും വ്യക്തിഹത്യ നടത്താമെന്നുമാണ് ചിലർ കരുതുന്നത്. എന്നാൽ ഇനി അത് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്വട്ടേഷൻ സ്വർണക്കടത്ത് മാഫിയയൊക്കെ അവർക്ക് എതിരായി സംസാരിക്കുന്നവരെ ഭീഷണിപ്പെടുത്താനുള്ള മാർഗമായാണ് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത്. സ്ത്രീകൾക്കെതിരെപോലും പൊതുമധ്യത്തിൽ ഉപയോഗിക്കാൻ അറപ്പ് തോന്നുന്ന ഭാഷയാണ് ഇക്കൂട്ടർ ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്. നാടിന്‍റെ സമാധാനം തകർക്കുന്ന ഈ പൊതുശല്യങ്ങളെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തണമെന്നും കർശനമായ പൊലീസ് നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.
സ്വർണക്കടത്തിന് നേതൃത്വം നൽകുന്ന ആകാശ് എന്ന വ്യക്തിയും അയാളുടെ സംഘാംഗങ്ങളുമാണ് ഡിവൈഎഫ്ഐയേയും രക്തസാക്ഷിയുടെ കുടുംബാംഗങ്ങളെയും അധിക്ഷേപിക്കാൻ രംഗത്തിറങ്ങിയിരിക്കുന്നത്. ഇത്തരക്കാരെയും അവരുടെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളെയും നേരത്തെ തന്നെ തള്ളിപ്പറയുകയും പൊതുമധ്യത്തിൽ തുറന്നുകാണിക്കുകയും ചെയ്‌തത് ഡിവൈഎഫ്ഐ ആയിരുന്നു. ശക്തമായ നിലപാടാണ് ഇന്നും ഡിവൈഎഫ്ഐ ഈ വിഷയത്തിൽ സ്വീകരിക്കുന്നത്. ഇതോടെ ഡിവൈഎഫ്ഐയേയും അതിന്‍റെ നേതൃത്വത്തെയും നവമാധ്യമങ്ങളിലൂടെ ഫേക്ക് ഐഡികൾ ഉപയോഗിച്ച് അധിക്ഷേപിക്കുക എന്ന മാർഗമാണ് ഇവർ സ്വീകരിക്കുന്നതെന്നും ഡിവൈഎഫ്ഐ ഫേസ്‌ബുക്കിൽ കുറിച്ചു.
കണ്ണൂർ എടയന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്‍റെ കൊന്ന കേസിലെ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരി ഇന്നലെയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. പാർട്ടിക്ക് വേണ്ടി കൊലപാതകം ചെയ്യാൻ ആഹ്വാനം ചെയ്‌തവർക്ക് ജോലിയും അത് നടപ്പിലാക്കിയവർക്ക് പട്ടിണിയും പടിയടച്ച് പിണ്ഡം വയ്‌ക്കലുമാണ് ഉണ്ടായതെന്നുമായിരുന്നു ആകാശ് ഫേസ്ബുക്കിൽ കുറിച്ചത്. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിന് കമന്‍റായിട്ടായിരുന്നു ആകാശിന്‍റെ വെളിപ്പെടുത്തൽ.