കണ്ണൂർ: കോർപ്പറേഷന്‍ ഭരണം മറിച്ചിട്ട് യുഡിഎഫിനൊപ്പം ചേർന്ന പി.കെ രാഗേഷിന് അതേ നാണയത്തിൽ തിരിച്ചടി നൽകി എൽഡിഎഫ്. യുഡിഎഫിനൊപ്പം ചേർന്നിട്ടും ഡെപ്യൂട്ടി മേയർ സ്ഥാനത്തിരുന്ന രാഗേഷിന്‍റെ കസേര അവിശ്വാസ പ്രമേയത്തിലൂടെ എൽഡിഎഫ് തെറിപ്പിച്ചു. യു.ഡി.എഫിൽ നിന്ന് കൂറുമാറിയ ലീഗ് സ്വതന്ത്ര കൗൺസിലർ കെ.പി.എ സലീം എൽ.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് അവിശ്വാസം പാസായത്. ഇതോടെ കണ്ണൂര്‍ കോര്‍പറേഷനില്‍ യു.ഡി.എഫിന് ഭൂരിപക്ഷം നഷ്ടമായി.
പി.കെ രാഗേഷിന് അതേ നാണയത്തിൽ തിരിച്ചടി നൽകി എൽഡിഎഫ് ഏറെ നാടകീയ നീക്കങ്ങൾക്കൊടുവിലാണ് കണ്ണൂർ കോർപറേഷനിൽ വീണ്ടും എൽ.ഡി.എഫ് ഭൂരിപക്ഷം നേടിയത്. ലീഗ് കൗൺസിലർ സലീം എൽ.ഡി.എഫ് പക്ഷത്തേക്കു കൂറുമാറിയതോടെ 55 അംഗ കൗൺസിലിൽ 28 പേരുടെ പിന്തുണയോടെ പി.കെ രാഗേഷിന് എതിരായ പ്രമേയം പാസാകുകയായിരുന്നു. വൈകിയെത്തിയതിന്‍റെ പേരിൽ മേയർ അടക്കം നാല് ഭരണകക്ഷി അംഗങ്ങളെ കലക്ടർ വോട്ടെടുപ്പിൽ നിന്ന് വിലക്കി. പ്രതിപക്ഷ അംഗങ്ങൾ അവഹേളിച്ചെന്ന് ആരോപിച്ച് ഭരണ പക്ഷത്തെ വനിത അംഗങ്ങൾ പ്രതിഷേധിച്ചതിന് പിന്നാലെ യു ഡിഎഫ് വോട്ടെടുപ്പ് ബഹിഷ്കരിച്ചു. പണം വാങ്ങിയുള്ള കുതിരക്കച്ചവടമാണ് കൗൺസിലിൽ നടന്നതെന്ന് പി. കെ രാഗേഷ് ആരോപിച്ചു.
പി കെ രാഗേഷിന്‍റെ ധാർഷ്ട്യത്തിനും വഞ്ചനക്കുമെതിരെയാണ് സലിം വോട്ട് ചെയ്തതെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ പ്രതികരിച്ചു. ഇതിന്‍റെ പേരിൽ സലീമിനെതിരെ എന്ത് നീക്കമുണ്ടായാലും എൽഡിഎഫ് ഒറ്റക്കെട്ടായി അതിനെ നേരിടുമെന്നും ജയരാജൻ കൂട്ടിച്ചേർത്തു. ലീഗിന്‍റെ പിന്തുണയോടെ കക്കാട് നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച കൗൺസിലറാണ് സലീം. വ്യക്തിപരമായ വിഷയങ്ങളിൽ പാർട്ടിയിൽ നിന്ന് സഹായം ലഭിക്കാതായതോടെയാണ് സലിം മറുകണ്ടം ചാടിയത്. ലീഗിന്‍റെ വിപ്പ് മറികടന്ന് എൽ.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തതിന്‍റെ പേരിൽ സലീമിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് പാർട്ടി തീരുമാനം.
അതിനിടെ രാഗേഷിനെതിരേ അവിശ്വാസം പാസായതോടെ ഇനി തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനപ്രകാരം വൈകാതെ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കും. മേയർക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതും എൽഡിഎഫ് യോഗം തീരുമാനിക്കും. യുഡിഎഫിന് ഭരണം കിട്ടിയപ്പോൾ ഉണ്ടാക്കിയ ധാരണ പ്രകാരം ലീഗിന് മേയർ കസേര ഒഴിഞ്ഞു കൊടുക്കുന്ന കാര്യവും ഇതോടെ അനിശ്ചിതത്വത്തിലായി.