കണ്ണൂർ: ആന്തൂരില്‍ ആത്മഹത്യ ചെയ്ത സാജന്‍റെ കൺവൻഷൻ സെന്‍ററിന് അനുമതി നൽകുന്നത് നഗരസഭ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർ വൈകിപ്പിച്ചതായി കണ്ടെത്തൽ. നഗരസഭ ഓഫീസിലെ ഫയലുകൾ അന്വേണ സംഘം പരിശോധിച്ചതോടെയാണ് ഇത് വ്യക്തമായത്. സാജൻ ആത്മഹത്യ ചെയ്തതിന് പിന്നാലെ ഫയലുകളിൽ പലതും എഴുതി ചേർക്കാൻ ശ്രമിച്ചതായും അന്വേഷണത്തിൽ നിന്ന് മനസ്സിലായിട്ടുണ്ട്. ഇതിൽ വ്യക്തത വരുത്താൻ ഫയലുകൾ ഫോറൻസിക് ഡിപ്പാർട്ട്മെന്‍റിന് അയക്കാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്.
സാജന്‍റെ ആത്മഹത്യ: കൺവൻഷൻ സെന്‍ററിന് അനുമതി മനപൂർവ്വം വൈകിപ്പിച്ചതായി കണ്ടെത്തൽ - ഹർജി
അറസ്റ്റ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ആന്തൂർ നഗരസഭാ സെക്രട്ടറി എം കെ ഗിരീഷ് നൽകിയ ഹർജി ഹൈക്കോടതി തള്ളി
![സാജന്‍റെ ആത്മഹത്യ: കൺവൻഷൻ സെന്‍ററിന് അനുമതി മനപൂർവ്വം വൈകിപ്പിച്ചതായി കണ്ടെത്തൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3659181-thumbnail-3x2-nri.jpg)
കണ്ണൂർ എസ്പിയുമായി അന്വേഷണ സംഘം അന്വേഷണ പുരോഗതി പങ്കുവെച്ചു. സസ്പെൻഷനിലായ നഗരസഭ ഉദ്യോഗസ്ഥരെ ഉടൻ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാനാണ് സാധ്യത. അതിനിടെ അറസ്റ്റ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ആന്തൂർ നഗരസഭാ സെക്രട്ടറി എം കെ ഗിരീഷ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം ആകും വരെ അറസ്റ്റ് ചെയ്യരുത് എന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ ഇക്കാര്യം അംഗീകരിക്കാൻ ജസ്റ്റിസ് ബി സുധീന്ദ്ര കുമാർ തയ്യാറായില്ല. പ്രവാസിയുടെ ആത്മഹത്യയുമായി തനിക്ക് നേരിട്ട് ബന്ധമില്ലെന്ന് കാണിച്ചായിരുന്നു സെക്രട്ടറി ഹർജി സമർപ്പിച്ചത്. ഗിരിഷിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. പരാതിക്കാരിയായ സാജന്‍റെ ഭാര്യ ബീനയെ ഹൈക്കോടതി കേസിൽ കക്ഷിചേർക്കുകയും ചെയ്തു. അതെ സമയം സാജന്‍റെ ആത്മഹത്യയില്‍ ആന്തൂര്‍ നഗരസഭാദ്ധ്യക്ഷ പി കെ ശ്യാമളയ്ക്കെതിരെ പ്രാഥമികമായി തെളിവുകള്‍ ഇല്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. പി കെ ശ്യാമളയിലേക്ക് നേരിട്ട് വിരല്‍ ചൂണ്ടുന്ന പേരുകളോ പരാമര്‍ശങ്ങളോ സാജന്‍റെ ഡയറിയിൽ നിന്നോ ചോദ്യം ചെയ്യലുകളിൽ നിന്നോ ലഭിച്ചില്ലെന്നാണ് അന്വേഷണം സംഘം പങ്കു വെക്കുന്നത്. എന്നാൽ ശ്യാമളയുടെ നിര്‍ദ്ദേശ പ്രകാരം തന്നെയാണ് എല്ലാം നടന്നതെന്നതിൽ സാജന്‍റെ ഭാര്യ ബീന ഉറച്ച് നിൽക്കുകയാണ്.