കണ്ണൂർ:ജില്ലയില്‍ ഒന്നാംഘട്ട സെന്‍സസിന്‍റെ ഭാഗമായുള്ള വിവരശേഖരണം ഏപ്രില്‍ 15 മുതല്‍ ആരംഭിക്കും. ഏപ്രില്‍, മെയ് മാസങ്ങളിലാണ് വിവര ശേഖരണം നടക്കുക. ഒന്നാം ഘട്ടത്തില്‍ വീടുകള്‍ ഉള്‍പ്പെടെയുള്ള താമസസ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കി സൗകര്യങ്ങളുടെ കണക്കെടുപ്പ് നടത്തും. രണ്ടാംഘട്ടം 2021 ഫെബ്രുവരി ഒമ്പതു മുതല്‍ 28 വരെയാണ് നടക്കുക.
ആദ്യഘട്ടത്തില്‍ വീടുമായി ബന്ധപ്പെട്ട 31 ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കെട്ടിട നമ്പര്‍, സെന്‍സസ് വീട്ടുനമ്പര്‍ (ഇത് ഉദ്യോഗസ്ഥര്‍ നല്‍കും), വീടിന്‍റെ തറ, ചുമര്, മേല്‍ക്കൂര എന്നിവയുടെ തരം, കെട്ടിടത്തിന്‍റെ ഉപയോഗം, വീടിന്‍റെ സ്ഥിതി, എത്ര കുടുംബങ്ങള്‍ താമസിക്കുന്നു, എത്ര ആളുകള്‍ താമസിക്കുന്നു, കുടുംബനാഥന്‍റെ പേര്, ലിംഗം, പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗമാണോ, കെട്ടിടത്തിന്‍റെ ഉടമസ്ഥാവകാശം ഏതു തരമാണ്, സ്വന്തമായി ഉപയോഗിക്കുന്ന മുറികളുടെ എണ്ണം, താമസക്കാരായ ദമ്പതികളുടെ എണ്ണം, മുഖ്യ കുടിവെള്ള സ്രോതസ്, കുടിവെള്ളത്തിന്‍റെ ലഭ്യത, വൈദ്യുതി സ്രോതസ്, ശൗചാലയ സൗകര്യമുണ്ടോ, ഏതു തരം ശൗചാലയമാണ് ഉപയോഗിക്കുന്നത്, വീടിന് അഴുക്കുചാല്‍ ഉണ്ടോ, കുളിക്കാനുള്ള സൗകര്യമുണ്ടോ, അടുക്കള സൗകര്യമുണ്ടോ, പാചകത്തിന് ഉപയോഗിക്കുന്ന പ്രധാന ഇന്ധനം ഏത്, റേഡിയോ- ടെലിവിഷന്‍- ഇന്റര്‍നെറ്റ് എന്നിവ ഉണ്ടോ, ലാപ്‌ടോപ്പോ കംപ്യൂട്ടറോ ഉണ്ടോ, ടെലിഫോണ്‍, മൊബൈല്‍ ഫോണ്‍, സ്മാര്‍ട്‌ഫോണ്‍ എന്നിവയുണ്ടോ, സൈക്കിള്‍, സ്‌കൂട്ടര്‍, ബൈക്ക്, മോപെഡ് എന്നിവയുണ്ടോ, കാര്‍, ജീപ്പ്, വാന്‍ എന്നിവയുണ്ടോ, മുഖ്യ ഭക്ഷണമായി ഉപയോഗിക്കുന്ന ധാന്യം ഏത്, മൊബൈല്‍ നമ്പര്‍ എന്നീ വിവരങ്ങളാണ് ആദ്യഘട്ടത്തില്‍ ശേഖരിക്കുക.
വിവരശേഖരണത്തിനായി ജില്ലയില്‍ 5525 എന്യൂമറേറ്റര്‍മാരും 800 സൂപ്പര്‍വൈസര്‍മാരുമാണുള്ളത്. എല്‍പി-യുപി അധ്യാപകരാണ് എന്യൂമറേറ്റര്‍മാരായി പ്രവര്‍ത്തിക്കുക. സൂപ്പര്‍വൈസര്‍മാരായി ഹൈസ്‌കൂള്‍ അധ്യാപകരെ നിയോഗിക്കും. ഇവര്‍ക്കുള്ള പരിശീലനം മാര്‍ച്ചോടെ പൂര്‍ത്തിയാവും.
സ്മാര്‍ട്ട് ഫോണിന്‍റെ സഹായത്തോടെയാണ് ഇത്തവണ സെന്‍സസ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇതിനായി പ്രത്യേക മൊബൈല്‍ ആപ്പ് തയ്യാറായിക്കഴിഞ്ഞു. സെന്‍സസിനെത്തുന്ന എന്യൂമറേറ്റര്‍മാര്‍ക്ക് ഇന്‍റര്‍നെറ്റിന്‍റെ സഹായമില്ലാതെ ഓഫ്‌ലൈനായി മൊബൈലില്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്‍റെ സവിശേഷത. മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ വിവരങ്ങള്‍ രേഖപ്പെടുത്താം. ലിംഗവുമായി ബന്ധപ്പെട്ട ഭാഗത്ത് പുരുഷന്‍, സ്ത്രീ എന്നതിനൊപ്പം ട്രാന്‍സ്‌ജെന്റര്‍ എന്ന് അടയാളപ്പെടുത്താനും ഇത്തവണ സൗകര്യമുണ്ട്. കേരള സര്‍ക്കാര്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച ദേശീയ ജനസംഖ്യാ രജിസ്റ്ററു(എന്‍പിആര്‍)മായി സെന്‍സസിന് ഒരു ബന്ധവുമില്ലെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി