കണ്ണൂർ: പേരിലും രുചിയിലും വെറൈറ്റി തന്നെയാണ് കണ്ണപുരത്തെ പ്രശസ്‌തമായ ഈ അവൽ ഇസ്‌തിരി. മില്ലിൽ നിന്നും നേരിട്ട് വാങ്ങുന്ന അവലും ഓമപ്പൊടിക്കും ഒപ്പം പാലും പഞ്ചസാരയും, അതിനൊപ്പം ചെത്തിയിടുന്ന റോബസ്റ്റ പഴവും. ഇത് ഒരു പാത്രത്തിലാക്കി സ്‌പൂണും ഇട്ട് ആളുകളുടെ മുന്നിൽ എത്തിക്കുന്നതോടെ രുചി മാറും.
പേര് കേട്ട് അമ്പരക്കാൻ വരട്ടെ..രുചിയിൽ അമ്പരക്കാം.. ഇത് കണ്ണൂരുകാരുടെ സ്വന്തം അവൽ ഇസ്‌തിരി
കണ്ണപുരം ചൈനാക്ലേ റോഡിൽ മണികണ്‌ഠൻ തിയറ്ററിന് സമീപത്തുള്ള ചായക്കടയിലാണ് സ്വാദൂറുന്ന ഈ വിഭവം ഉള്ളത്. ഏതൊരു ഫാസ്റ്റ് ഫുഡിനെയും വെല്ലുന്നതാണ് അവൽ ഇസ്‌തിരിയുടെ രുചി
കണ്ണപുരം ചൈനാക്ലേ റോഡിൽ മണികണ്‌ഠൻ തിയറ്ററിന് സമീപത്തെ പേരില്ലാത്ത ഒരു പഴയ ചായക്കടയാണ് ഈ രുചിയുടെ തട്ടകം. 50 വർഷം മുൻപ് പ്രദേശവാസിയായ രാഘവൻ ആണ് ഇവിടെ ചായക്കട തുടങ്ങുന്നത്. രാഘവന്‍റെ മരണ ശേഷം മക്കളായ സതീശനും രാമചന്ദ്രനും ഇത് ഏറ്റെടുത്തു.
കിലോമീറ്ററുകൾ താണ്ടി അവൽ ഇസ്‌തിരി കഴിക്കാൻ എത്തുന്നവർ നിരവധിയാണ്. പല കടകളിലും അവൽ ഇസ്‌തിരി പരീക്ഷിച്ച് നോക്കിയിട്ടുണ്ടെങ്കിലും ഈ രുചിയെ വെല്ലാൻ ഇതുവരെയും ആർക്കും കഴിഞ്ഞിട്ടില്ല. രാവിലെ 5 മണി മുതൽ 7 മണി വരെ കട തുറക്കും. അവൽ ഇസ്‌തിരി കൂടാതെ രാവിലെ പുട്ടും, ഇഡലിയും, ദോശയും, മറ്റ് നാടൻ പലഹാരങ്ങളും ഇവിടെ ലഭ്യമാണ്.