കണ്ണൂര്‍ :ആലപ്പടമ്പ് കരിയാപ്പിലില്‍ പ്രവർത്തിക്കുന്ന സ്വകാര്യ മത്സ്യസംസ്‌കരണ കമ്പനിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ. കമ്പനിയുടെ പ്രവര്‍ത്തനംകൊണ്ട് പ്രദേശത്ത് അസഹ്യമായ ദുർഗന്ധവും കൊച്ചുകുട്ടികള്‍ക്കടക്കം പലതരം അലർജികളും ശ്വാസം മുട്ടലുമാണ് ഉണ്ടാവുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇതോടെ ഇന്ന് സമരത്തിന് ഇറങ്ങിയിരിക്കുകയാണ് പ്രദേശത്തെ നൂറോളം കുടുംബങ്ങൾ.
'ഭക്ഷണം കഴിക്കാന്‍ ചന്ദനത്തിരി കത്തിക്കണം, കുഞ്ഞുങ്ങള്‍ക്കടക്കം അലര്‍ജി' ; കണ്ണൂരിലെ മത്സ്യസംസ്‌കരണ കമ്പനിക്കെതിരെ പ്രതിഷേധം - Alappadamba
മത്സ്യസംസ്‌കരണ കമ്പനിയുടെ സമീപത്ത് താമസിക്കുന്ന സ്‌ത്രീകളും കുട്ടികളും അടക്കം നിരവധി ആളുകളാണ് അലര്‍ജി, ശ്വാസംമുട്ടല്‍ എന്നിങ്ങനെയുള്ള രോഗത്താല്‍ വലയുന്നത്
കാങ്കോൽ ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലാണ് കമ്പനി പ്രവർത്തിക്കുന്നത്. ഒരു വർഷത്തിലേറെയായി പ്രദേശത്തെ രണ്ട്, മൂന്ന് വാർഡുകളിലെ കുടുംബങ്ങള്‍ വലിയ ദുരിതമാണ് നേരിടുന്നത്. ഭക്ഷണം കഴിക്കാൻ ചന്ദനത്തിരി കത്തിച്ചുവയ്‌ക്കേണ്ട സ്ഥിതിയാണ് ഇവിടുത്തുകാര്‍ക്ക്. കമ്പനിയുടെ പ്രവർത്തനത്തിനെതിരെ പഞ്ചായത്ത് തലം മുതൽ ജില്ല കലക്‌ടര്‍ക്കും പൊലീസിനുമടക്കം നാട്ടുകാർ പരാതി നൽകിയിരുന്നു.
എന്നാൽ, കമ്പനി പൂർണമായും നിയമപരമായാണ് പ്രവർത്തിക്കുന്നതെന്നാണ് അധികൃതരുടെ വാദം. അതേസമയം, കമ്പനിയുടെ പ്രവർത്തനം പ്രദേശവാസികൾക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നതായി പഞ്ചായത്തിൻ്റെ ആരോഗ്യ വിഭാഗം തന്നെ വിലയിരുത്തിയിട്ടുമുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിന്‍റെ വാർഡായിട്ടുകൂടി വിഷയം ഗൗരവകരമായി എടുക്കുന്നില്ലെന്നും ആരോപണമുണ്ട്. നാട്ടുകാർ മീൻ വണ്ടികൾ തടഞ്ഞതുമൂലം നിലവില്‍ കമ്പനി അടച്ചിട്ടിരിക്കുകയാണ്.