കണ്ണൂര്‍: മന്ത്രിയുടെ പേരിൽ എയർപോർട്ടിൽ ജോലി വാഗ്‌ദാനം ചെയ്‌തു പണം തട്ടുന്ന സംഘത്തിലെ മൂന്ന് നേതാക്കൾ അറസ്റ്റില്‍. കണ്ണൂർ എയർപോർട്ടിൽ ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങളാണ് പ്രതികൾ കൈക്കലാക്കിയത്. മുസ്ലിം ലീഗ് വാർഡ് മെമ്പറും തൃക്കരിപ്പൂർ യൂത്ത് ലീഗ് നിയോജകമണ്ഡലം വൈസ് പ്രസിഡന്‍റുമായ അനൂപ്, പയ്യന്നൂർ കോളജിലെ മുൻ കെഎസ്‌യു ഭാരവാഹിയും യൂത്ത് കോൺഗ്രസ് നേതാവുമായ പ്രിയദർശൻ, കോൺഗ്രസ് ചെറുവത്തൂർ മണ്ഡലം വൈസ് പ്രസിഡന്‍റ് വി.വി.ചന്ദ്രൻ എന്നിവരെയാണ് പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്.
മന്ത്രിയുടെ പേരിൽ ജോലി തട്ടിപ്പ്; മൂന്ന് പേര്‍ അറസ്റ്റില്‍
കണ്ണൂർ എയർപോർട്ടിൽ ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങളാണ് പ്രതികൾ കൈക്കലാക്കിയത്.
സാധാരണക്കാരായ യുവാക്കളെ ജോലി നൽകാമെന്ന് പറഞ്ഞ് ബന്ധപ്പെടുകയും മന്ത്രി ഓഫീസുകളിലടക്കം ഉന്നതരുമായി തങ്ങൾക്ക് ബന്ധമുണ്ടെന്ന് വിശ്വസിപ്പിക്കുകയുമാണ് ഇവരുടെ രീതി. കണ്ണൂർ എയർപോർട്ടിൽ ജോലി ചെയ്യുന്ന പലരും തങ്ങൾ മുഖാന്തിരം ജോലിക്ക് കയറിവരാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവർ പണം ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം ഇങ്ങനെ പണം ആവശ്യപ്പെട്ടതിൽ സംശയം തോന്നിയ ഒരു യുവാവ് വിവരമറിയിച്ചതിനെ തുടർന്ന് എസ്‌ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള സംഘം പയ്യന്നൂരിൽ വെച്ച് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിന് മുമ്പും സമാനമായ തട്ടിപ്പ് വഴി ഇവർ ലക്ഷങ്ങൾ കൈക്കലാക്കിയിട്ടുണ്ട്.