കണ്ണൂർ:സോളാർ കേസിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സിബിഐ കുറ്റവിമുക്‌തനാക്കിയ സംഭവത്തിൽ സർക്കാരിനെ അതിരൂക്ഷമായി പരിഹസിച്ച് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. സോളാറിൽ സർക്കാർ പ്രഖ്യാപിച്ച സിബിഐ അന്വേഷണം ഉർവ്വശി ശാപം ഉപകാരമായി മാറിയെന്നും കേസ് സിബിഐക്ക് വിട്ട മുഖ്യമന്ത്രിക്ക് നന്ദിയെന്നും സുധാകരൻ പറഞ്ഞു.
സത്യസന്ധമായ അന്വേഷണമാണ് സിബിഐ നടത്തിയത്. ഉമ്മൻ ചാണ്ടിയെ കുടുക്കാമെന്നാണ് പിണറായി വിജയൻ കരുതിയത്. കേരള പൊലീസായിരുന്നുവെങ്കിൽ കേസിന്‍റെ ഗതി മറ്റൊന്നാകുമായിരുന്നു. സിബിഐക്ക് പോയതോടെ സത്യസന്ധരായവരെ പുറത്തുകൊണ്ടുവരാനും നിരപരാധികളെ നിരപരാധികളായി കാണാനും സാധിച്ചുവെന്നും കെ സുധാകരൻ പറഞ്ഞു.
അതേസമയം ആകാശ് തില്ലങ്കേരിക്ക് ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി ഉപഹാരം നൽകിയതിനെയും സുധാകരൻ വിമർശിച്ചു. ക്വട്ടേഷൻ നേതാവ് ആകാശ് തില്ലങ്കേരിയുടെ സംരക്ഷകൻ സിപിഎം ആണ്. ഡിവൈഎഫ്ഐ നേതാവ് ഷാജർ ആകാശുമായി വേദി പങ്കിട്ടത് ഇതിന് ഉദാഹരണമാണ്.
ലഹരി സംഘമായി ഡിവൈഎഫ്ഐ അധപതിച്ചതിൽ ദുഖമുണ്ട്. തള്ളിപ്പറയുന്നതും സംരക്ഷിക്കുന്നതും സിപിഎം ആണെന്നതും വിചിത്രമാണ്. ജയിലിനകത്ത് കൊടി സുനി ക്വട്ടേഷൻ വ്യവസായം നടത്തുകയാണ്. സുനിക്ക് തണലൊരുക്കുന്നത് സിപിഎമ്മാണെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.
ക്ലീൻ ചിറ്റുമായി സിബിഐ: സോളാര്‍ പീഡന കേസില്‍ ആരോപണ വിധേയരായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ബിജെപി നേതാവ് എ.പി അബ്‌ദുള്ളക്കുട്ടിക്കും ഇന്നാണ് സിബിഐ ക്ലീന്‍ ചിറ്റ് നൽകിയത്. ഇതോടെ വിവാദമായ സോളാര്‍ പീഡന പരാതികളില്‍ സര്‍ക്കാര്‍ കൈമാറിയ ആറ് കേസുകളിലും കുറ്റാരോപിതരായ മുഴുവന്‍ പേരെയും സിബിഐ കുറ്റവിമുക്തരാക്കി.