കണ്ണൂർ: പാർലമെന്‍റ് തെരഞ്ഞെടുപ്പിന് കോൺഗ്രസ് പാർട്ടി ഇതുവരെ തയ്യാറായിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. വരുന്ന തെരഞ്ഞെടുപ്പുകൾ കോൺഗ്രസിനെ സംബന്ധിച്ച് അതിജീവനത്തിന്‍റേതാണന്നും സുധാകരൻ പറഞ്ഞു (K Sudhakaran On Lok sabha Election). പാർട്ടി നേരിടുന്ന വെല്ലുവിളികളേയും പ്രവർത്തകർക്കിടയിലെ അനൈക്യത്തെക്കുറിച്ചും സ്വന്തം തട്ടകത്തിൽ തുറന്നു പറയുകയായിരുന്നു അദ്ദേഹം. അന്തരിച്ച മുൻ ഡിസിസി പ്രസിഡന്‍റ് സതീശൻ പാചേനി അനുസ്‌മരണ വേദിയിൽ ആയിരുന്നു സുധാകരന്‍റെ തുറന്നു പറച്ചിൽ.
ജാതിയും മതവും ഗ്രൂപ്പും പറഞ്ഞ് പാർട്ടിക്കകത്ത് തമ്മിലടിയാണന്ന് പ്രവർത്തകരെ ഓർമിപ്പിച്ച സുധാകരൻ വരുന്ന തെരഞ്ഞെടുപ്പുകൾ കോൺഗ്രസിനെ സംബന്ധിച്ച് അതിജീവനത്തിന്‍റേത് കൂടിയാണെന്ന് വ്യക്തമാക്കി. കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ ആണ് പ്രസംഗമെങ്കിലും തന്‍റെ പാർലമെന്‍റ് മണ്ഡലം കൂടിയായ ജില്ലയിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് തുടക്കമിടാൻ കൂടിയായി പ്രതിപക്ഷ നേതാവ് കൂടി പങ്കെടുത്ത സതീശൻ പാച്ചേനി അനുസ്‌മരണ വേദി.
മുൻപ് തന്നെ ഇനി മണ്ഡലത്തിൽ മത്സരിക്കാൻ ഇല്ലെന്ന് പ്രഖ്യാപിച്ച സുധാകരൻ പക്ഷെ ആരാണ് സ്ഥാനാർഥി എന്നതിൽ ഇത് വരെയും മനസ് തുറന്നിരുന്നില്ല. എങ്കിലും കോഴിക്കോട് നിന്നുള്ള കെപിസിസി ജനറൽ സെക്രട്ടറിയും സുധാകരന്‍റെ അടുത്ത അനുയായിയുമായ കെ ജയന്തിന്‍റെ പേര്, കെ സുധാകരൻ എഐസിസി നിരീക്ഷണ സമിതിക്ക് മുമ്പിൽ അടക്കം വച്ചിരുന്നതായുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. ഇത് മണ്ഡലത്തിലെ പ്രവർത്തകർക്കിടയിൽ വലിയ എതിർപ്പാണ് ഉണ്ടാക്കിയത്.
വാർത്തകൾ സ്ഥിരീകരിക്കാത്തതാണെങ്കിലും അത് ശരിവയ്‌ക്കുന്ന വാർത്തകൾ ആണ് ഇന്ന് സതീശൻ പാച്ചേനി അനുസ്‌മരണ വേദിയിലും പ്രവർത്തക കൺവെൻഷനിലും കണ്ണൂരിൽ കണ്ടത്. കണ്ണൂരിൽ പാർട്ടി വേദികളിൽ ഒന്നും കഴിഞ്ഞ കാലങ്ങളിൽ പ്രവർത്തകർക്ക് അത്ര സുപരിചിതം അല്ലാത്ത കെ ജയന്തിന് ഇന്നത്തെ സമ്മേളനത്തിൽ മുൻ നിരയിൽ തന്നെ സുധാകരൻ സീറ്റ് നൽകി. ഉച്ചയ്ക്ക് ശേഷം ആയിരുന്നു പ്രവർത്തക കൺവെൻഷൻ നടന്നത്. അതിലും ജയന്ത് സജീവം ആയിരുന്നു.