കണ്ണൂർ:സിപിഎമ്മിനകത്ത് പി ജയരാജനും ഇപി ജയരാജനും തമ്മിലുള്ള പോരിൽ നിഷ്‌പക്ഷമായ ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി. ജയരാജന്മാരുടെ പോര് കേരളത്തിൽ നടക്കുന്ന സാമ്പത്തിക അഴിമതിയുടെ ബഹിര്‍സ്‌ഫുരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. വിവാദമുണ്ടായി മൂന്നുദിവസം പിന്നിട്ട ശേഷമായിരുന്നു കെ സുധാകരന്‍റെ പ്രതികരണം.
'ഇപി ജയരാജന്‍ മന്ത്രി ആയിരുന്നപ്പോള്‍ തുടങ്ങിയ അഴിമതി'; നിഷ്‌പക്ഷമായ അന്വേഷണം വേണമെന്ന് കെ സുധാകരന്‍ - വൈദേകം ആയുര്‍വേദ ആശുപത്രി
എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് കണ്ണൂരിലെ വൈദേകം ആയുര്‍വേദ ആശുപത്രിയുമായി ബന്ധമുണ്ടെന്നും അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയെന്നുമാണ് പി ജയരാജന്‍ സിപിഎമ്മില്‍ ആരോപിച്ചത്. വിഷയത്തിലാണ് കെ സുധാകരന്‍റെ പ്രതികരണം
റിസോർട്ട് പ്രശ്‌നം തുടങ്ങിയിട്ട് കാലം ഏറെയായി. എംവി ഗോവിന്ദന് മുൻപ് ഈ വിഷയങ്ങൾ അറിയാമായിരുന്നു. ഇപി മന്ത്രി ആയിരിക്കുമ്പോൾ തുടങ്ങിയതാണ് ഈ അഴിമതി. അതിനാൽ സിപിഎമ്മിൻ്റെ ആഭ്യന്തര വിഷയമാണ് ഇതെന്ന് പറയാനാവില്ല. വിഷയത്തിൽ പ്രതിപക്ഷത്തുള്ള എല്ലാവരും പ്രതികരിച്ചിട്ടുണ്ട്. ലീഗിന്‍റേത് അവരുടെ അഭിപ്രായമാണ്.
മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെയുള്ള ഗുരുതരമായ അഴിമതി വന്നിട്ടും അന്വേഷണം വഴിമുട്ടുകയാണുണ്ടായത്. കേന്ദ്ര ഏജൻസിയായ ഇഡിയുടെ മുൻകാല അന്വേഷണം വച്ചുനോക്കുമ്പോള്‍ പ്രഹസനമാണുണ്ടായത്. സത്യസന്ധമായ അന്വേഷണം ആവശ്യമാണ്. നാടിൻ്റെ ശാന്തിയും സമാധാനവും തകർക്കുന്ന രീതിയിലേക്ക് സിപിഎമ്മിൻ്റെ ഉൾപാർട്ടി പ്രശ്‌നങ്ങൾ മാറി. ഡിവൈഎഫ്‌ഐ മയക്കുമരുന്നിൻ്റെ ഹോൾസെയില്‍ വ്യാപാരികളായെന്നും കണ്ണൂരില്‍ സംസാരിക്കവെ അദ്ദേഹം കുറ്റപ്പെടുത്തി.