കണ്ണൂർ: പ്രത്യയശാസ്ത്രം പഠിപ്പിക്കുന്നതിന്‍റെ കൂടെ കള്ളവോട്ട് ചെയ്യാൻ കൂടി പഠിപ്പിക്കുന്ന ആളാണ് എം വി ഗോവിന്ദനെന്ന് കെപിസിസി വർക്കിങ് പ്രസിഡന്‍റ് കെ സുധാകരൻ. കള്ളവോട്ട് ചെയ്യാൻ പഠിപ്പിക്കുന്ന അധ്യാപകന് അത് ചെയ്യാൻ പാടില്ല എന്ന് പറയാൻ പറ്റില്ല. നിയമവിരുദ്ധമായ ഒരു കാര്യം പരസ്യമായി പ്രഖ്യാപിച്ച എം വി ഗോവിന്ദനെതിരെ പൊലീസ് കേസെടുക്കണമെന്നും സുധാകരൻ പറഞ്ഞു.
എം വി ഗോവിന്ദനെതിരെ കേസെടുക്കണമെന്ന് കെ സുധാകരൻ - LDF
ഹൈക്കോടതിയും തെരഞ്ഞെടുപ്പ് കമ്മിഷനും കള്ളവോട്ട് തടയാൻ ശ്രമിക്കുമ്പോൾ എം വി ഗോവിന്ദൻ അത് ചെയ്യാൻ പരസ്യമായി അണികളെ പ്രേരിപ്പിക്കുന്നുവെന്ന് കെ സുധാകരൻ.
കള്ളവോട്ടില്‍ നിന്നും സംരക്ഷണം തേടി യുഡിഎഫ് അല്ലാതെ ഒരു സിപിഎം നേതാവും കോടതിയിൽ പോയിട്ടില്ല. കണ്ണൂർ ജില്ലയില്‍ കള്ളവോട്ടിനായി പുതിയ മാർഗങ്ങൾ കണ്ടെത്തുന്ന പാർട്ടിയാണ് സിപിഎം. ഹൈക്കോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനും കള്ളവോട്ട് തടയാൻ ശ്രമിക്കുമ്പോൾ ഉത്തരവാദിത്തമുള്ള ഒരു നേതാവ് അത് ചെയ്യാൻ പരസ്യമായി അണികളെ പ്രേരിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. അതിനാൽ എം വി ഗോവിന്ദനെതിരെ പൊലീസ് കേസെടുക്കണമെന്നും സുധാകരൻ പറഞ്ഞു.
പി ജയരാജനെതിരായ പിണറായിയുടെ നീക്കം വ്യക്തിവിരോധത്തിന്‍റെ ഭാഗമാണ്. ജയരാജനെ പാർട്ടി തഴയാനും ഒതുക്കാനും തീരുമാനിച്ചിരുന്നു. ഒരു നേതാവിനെ സ്നേഹിക്കരുതെന്ന് പറഞ്ഞ രാജ്യത്തെ ഏക പാർട്ടിയാണ് സിപിഎം. അതിന്‍റെ രക്തസാക്ഷിയാണ് പി ജയരാജനെന്നും സുധാകരൻ കൂട്ടിച്ചേർത്തു.