കണ്ണൂർ :കോൺഗ്രസിന്‍റെ പലസ്‌തീൻ ഐക്യദാർഢ്യ റാലിക്ക് അനുമതി തന്നാലും ഇല്ലെങ്കിലും നവംബര്‍ 23ന് തന്നെ നടത്തുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ. വിരട്ടി മാറ്റാൻ നോക്കേണ്ടെന്നും അനുമതി നൽകാത്തത് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.സുധാകരന്‍.
റാലിയെ തകർക്കാൻ ശ്രമിക്കുന്നത് പാഴ്ശ്രമമാണെന്ന് പറഞ്ഞ സുധാകരന്‍ എന്തിനാണ് സിപിഎം ആശങ്കപ്പെടുന്നതെന്നും ചോദിച്ചു. റാലി നടത്താന്‍ അനുവദിച്ചില്ലെങ്കില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ യുദ്ധം നടക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. ലീഗ് റാലിയിലെ ശശി തരൂരിന്‍റെ പ്രസംഗത്തിലെ ഒറ്റവാക്കിൽ പിടിച്ച് തൂങ്ങുന്നത് ബുദ്ധി ശൂന്യതയാണ്.
പലസ്‌തീൻ ഐക്യദാർഢ്യ റാലിയിൽ ശശി തരൂരും പങ്കെടുക്കും. ശശി തരൂർ അടക്കമുള്ള എല്ലാ നേതാക്കന്മാരെയും ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്തിനാണ് നവ കേരള സദസ് നടത്തുന്നത്. സര്‍ക്കാറിന് നാണവും മാനവും ഉണ്ടോയെന്നും കെ സുധാകരന്‍ ചോദിച്ചു. സംസ്ഥാനത്ത് കര്‍ഷകര്‍ കടബാധ്യത കൊണ്ട് ആത്മഹത്യ ചെയ്യുന്നുവെന്നും ജനങ്ങള്‍ പട്ടിണിയിലാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
വിമര്‍ശനവുമായി രമേശ് ചെന്നിത്തല :കോഴിക്കോട് നടത്താനിരിക്കുന്ന പലസ്‌തീൻ ഐക്യദാർഢ്യ റാലിക്ക് അനുമതി നിഷേധിച്ചത് സിപിഎമ്മിന്‍റെ രാഷ്ട്രീയ കളിയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഞങ്ങളല്ലാതെ ആരും പലസ്‌തീൻ ഐക്യദാർഢ്യം നടത്തരുതെന്ന ധാർഷ്ട്യമാണ് സിപിഎമ്മിന്. അത് ഒരു കാരണവശാലും അംഗീകരിച്ചുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.