കണ്ണൂർ: അറിവും അധ്യാപകരും ഇങ്ങനെയാണ്. പഠിച്ചത് പകർന്നു നല്‍കും. ' താൻ പഠിച്ച കരകൗശല വസ്തുക്കളുടെ നിർമാണ രീതികൾ മറ്റുള്ളവർക്ക് പകർന്നു നൽകുകയാണ് കണ്ണൂർ ശ്രീകണ്ഠാപുരത്തെ ജുനൈദ ടീച്ചർ'. ന്യൂസ് പേപ്പർ, നൂലുകൾ, മെഴുക്, കുപ്പികൾ തുടങ്ങി നാം വലിച്ചെറിയുന്ന പല വസ്തുക്കളും ടീച്ചറുടെ കൈകളിലെത്തിയാൽ വിസ്‌മയം തുളുമ്പുന്ന രൂപങ്ങളായി മാറും.
കരവിരുതില്‍ വിസ്മയ രൂപങ്ങൾ; ഇത് കുട്ടികളുടെ സ്വന്തം ജുനൈദ ടീച്ചർ
ചെങ്ങളായി സ്വദേശിനിയായ ജുനൈദ ടീച്ചർ ശ്രീകണ്‌ഠാപുരം എം.എ.എൽ.പി പബ്ലിക് സ്‌കൂളിലെ കമ്പ്യൂട്ടർ അധ്യാപികയാണ്.
ശ്രീകണ്‌ഠാപുരം എം.എ.എൽ.പി പബ്ലിക്ക് സ്‌കൂളിലെ കമ്പ്യൂട്ടർ അധ്യാപികയായ ജുനൈദ ടീച്ചർക്ക് കളർ പേപ്പറുകൾ, നൂൽ ഉണ്ടകൾ തുടങ്ങി പലതും കരകൗശല ഉൽപ്പന്നങ്ങളൊരുക്കാനുള്ള വസ്‌തുക്കളാണ്. ഇവകൊണ്ട് ടീച്ചർ നിർമ്മിച്ച പൂക്കളും കിളിക്കൂടുകളും ഒറിജിനലിനെ വെല്ലുന്ന വിസ്‌മയ കാഴ്‌ചകളാണ്.
കരവിരുതിൽ വിസ്‌മയം തീർക്കുമ്പോഴും കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കാനും അവർക്ക് കരകൗശല വിദ്യ പകർന്നു നല്‍കാനുമായി എൽ.പി, യു.പി.വിഭാഗം കുട്ടികൾക്കായി എല്ലാ ശനിയാഴ്ചയും ഉച്ചയ്ക്ക് ശേഷം സ്കൂളില്‍ പരിശീലന പരിപാടിയും ഇവർ ആരംഭിച്ചിട്ടുണ്ട്. അധ്യാപനത്തോടൊപ്പം പൊതുപ്രവർത്തനത്തിലും ടീച്ചർ ശ്രദ്ധാലുവാണ്. ഭർത്താവും കെഎസ്‌ഇബി ജീവനക്കാരനുമായ ഷാഹിദ് ചെങ്ങളായിയും മക്കളുമാണ് ടീച്ചർക്ക് പ്രോത്സാഹനം.