കണ്ണൂര്‍: കേരള കോൺഗ്രസ് മാണി വിഭാഗം ചെയര്‍മാന്‍ ജോസ് കെ.മാണി തലശ്ശേരിയിലെ അരമനയിലെത്തി ബിഷപ്പുമാരെ സന്ദർശിച്ചു. നിയമസഭാ തെരഞ്ഞെടുപ്പും സീറ്റ് വിഭജന ചർച്ചകളും രാഷ്ട്രീയ കേരളത്തിന്‍റെ പടിവാതിൽക്കൽ എത്തി നിൽക്കെയാണ് ജോസ് കെ മാണിയുടെ അപ്രതീക്ഷിത സന്ദര്‍ശനം. രാവിലെ എട്ടരയോടെ ബിഷപ്പ് ഹൗസില്‍ എത്തിയ അദ്ദേഹം അതിരൂപതാ അധ്യക്ഷന്‍ മാർ ജോർജ് ഞരളക്കാട്, മുൻ ആർച്ച് ബിഷപ്പ് മാർ ജോർജ് വലിയ മറ്റം എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ സഹ വൈദികരും സന്നിഹിതരായിരുന്നു. പിതാക്കന്മാരെ ജോസ് കെ.മാണി കൈകൂപ്പി വണങ്ങി. ഏതാണ്ട് ഒരു മണിക്കൂറോളം സന്ദർശനം നീണ്ടു. രാവിലെ മലബാർ എക്‌സ്‌പ്രസിന് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ ജോസ് കെ.മാണി, പാർട്ടിയുടെ കണ്ണൂർ ജില്ലാ നേതാക്കൾക്കൊപ്പം ഗസ്റ്റ് ഹൗസിലെത്തിയ ശേഷമാണ് ബിഷപ്പ് ഹൗസിലെത്തിയത്.
ജോസ് കെ മാണി തലശ്ശേരിയിലെ അരമനയിലെത്തി ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തി - കൂടിക്കാഴ്ച
സൗഹൃദ സന്ദര്‍ശനമെന്ന് ജോസ് കെ മാണി
ഇതൊരു സൗഹൃദ സന്ദർശനം മാത്രമാണെന്നും ജില്ലയിൽ പാർട്ടി പരിപാടികൾക്കെത്തുമ്പോഴെല്ലാം പിതാക്കന്മാരെ വന്നു കാണാറുണ്ടെന്നും ജെസ് കെ മാണി പ്രതികരിച്ചു. കർഷകരുടെ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചർച്ച ചെയ്തു. പാലാ സീറ്റിനെ പറ്റിയുള്ള ചോദ്യത്തിന് സീറ്റ് വിഭജന ചർച്ച വരട്ടെയെന്നും തങ്ങൾക്കുള്ള അവകാശവും അർഹതയും പാര്‍ട്ടിയുടെ അടിത്തറയും ജനപിന്തുണയും എൽ.ഡി.എഫിന് അറിയാവുന്നതാണെന്നുമായിരുന്നു മറുപടി. മുന്നണിയിൽ സീറ്റ് വിഭജന ചർച്ച വരുമ്പോൾ എല്ലാ കാര്യങ്ങളും പരിഗണനയിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. അരമനയിൽ നിന്നും നേരെ ഇരിട്ടി കീഴൂരിലേക്കാണ് ജോസ് കെ.മാണിയും മറ്റ് നേതാക്കളും പോയത്.