കണ്ണൂർ:ഇരിട്ടിപായം-കരിയാൽ റോഡിലെ പൊടിശല്യവും കല്ല് തെറിക്കലും മൂലം പൊറുമുട്ടി നാട്ടുകാർ. റോഡിലൂടെയുള്ള യാത്രക്കിടയില്‍ കല്ല് തെറിച്ച് വിദ്യാർഥികൾക്ക് ഉൾപ്പെടെ പരിക്കേൽക്കുന്നതും ഇവിടെ നിത്യസംഭവമാണ്. നാലരക്കോടി രൂപ ചെലവിൽ നവീകരിക്കുന്ന റോഡിലെ ആദ്യഘട്ട പ്രവർത്തനം നടത്തിയ കാടമുണ്ട മുതൽ കരിയാൽ വരെയുള്ള മൂന്ന് കിലോമീറ്റർ റോഡാണ് ഇന്ന് കാൽനടയാത്രക്ക് പോലും കഴിയാത്ത സാഹചര്യമുള്ളത്.
ടാറിങ് നടത്തി നവീകരിച്ച റോഡ് പുതിയ പദ്ധതിയുടെ പേരിൽ ഒരു വർഷം മുമ്പാണ് വെട്ടിപൊളിച്ചത്. മഴക്കാലത്ത് റോഡിലൂടെ ചെളിനിറഞ്ഞ് യാത്ര ചെയ്യാന്‍ പോലും കഴിഞ്ഞിരുന്നില്ല. മഴക്കാലം കഴിഞ്ഞിട്ടും കരാറുകാരൻ പ്രവൃത്തി പുനരാരംഭിക്കാൻ തയ്യാറായില്ല. ഇതോടെ പൊടിശല്യം രൂക്ഷമായി. പൊടിശല്യം കാരണം പ്രദേശവാസികളില്‍ പലർക്കും അസുഖങ്ങളും പിടിപെട്ടു.