കണ്ണൂർ:ഇരിണാവിൽ കോസ്റ്റ് ഗാർഡ് അക്കാദമിക്കായി അനുവദിച്ച ഭൂമി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പുതിയ വ്യവസായ സംരംഭങ്ങൾ തുടങ്ങണമെന്ന ആവശ്യം ശക്തമാകുന്നു (Irinave Coast Guard Academy land issue). കണ്ണൂർ ജില്ലയിലെ വൻ വികസന സാധ്യത മുന്നിൽ കണ്ടാണ് കണ്ണപുരം ഇടക്കെപുറത്തിനടുത്തു കോസ്റ്റ് ഗാർഡ് അക്കാദമി സ്ഥാപിക്കാന്‍ പദ്ധതിയിട്ടത്. 2011 യുപിഎ ഭരണ കാലത്ത് എ കെ ആന്‍റണി (A K Antony) പ്രതിരോധ മന്ത്രി ആയിരിക്കെ കോസ്റ്റ് ഗാർഡ് അക്കാദമിക്ക് ശിലയിട്ടു.
പുഴയുടെയും കൈപ്പാടിന്‍റെയും (വടക്കൻ കേരളത്തിൽ ഉപ്പുവെള്ളം കയറുന്ന പ്രദേശങ്ങളും അവിടെ നടക്കുന്ന പരമ്പരാഗത കൃഷി രീതിയും അറിയപ്പെടുന്നത് കൈപ്പാടെന്നാണ്) തീരത്ത് ആയതിനാൽ നിരവധി പേർക്ക് തൊഴിൽ സാധ്യത എന്ന സ്വപ്‌നവും പദ്ധതി മുന്നോട്ടുവച്ചിരുന്നു. എന്നാൽ കാലം ഇത്ര ആയിട്ടും ശില ഇട്ടതൊഴിച്ചാൽ തുടർ നടപടികളൊന്നും ഉണ്ടായിട്ടില്ല. പാപ്പിനിശ്ശേരി കല്യാശ്ശേരി പഞ്ചായത്തിൽപ്പെടുന്ന 164 ഏക്കർ ഭൂമിയും പ്രസ്‌തുത പദ്ധതിക്കായി ഏറ്റെടുത്തിരുന്നു.
ഇന്ന് കാട് കയറി സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ് ഈ പ്രദേശം. ചതുപ്പ് നിലവും കണ്ടലും നിറഞ്ഞ സ്ഥലത്ത് അക്കാദമി സ്ഥാപിക്കുന്നതിനായി കേന്ദ്ര, വനം- പരിസ്ഥിതി മാന്ത്രാലയത്തിന്‍റെ അനുമതി ലഭിക്കാത്തതാണ് തുടർ നടപടികൾ എങ്ങും എത്താതെ പോയതിന് ഒരു കാരണം. മറ്റ് സാങ്കേതിക കാരണങ്ങളും അക്കാദമി പ്രവർത്തനം തുടങ്ങുന്നതിന് തടസമായി.