കണ്ണൂർ: ലോക നഴ്‌സ് ദിനത്തിൽ സമൂഹമാധ്യമങ്ങളിലൂടെ നഴ്‌സുമാർക്ക് ആശംസകൾ അറിയിച്ച് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും. നഴ്‌സുമാരുടെ സേവനതൽപരതയും മനുഷ്യ ജീവൻ രക്ഷിക്കാനുള്ള അവരുടെ പോരാട്ടവും ലോകത്തെമ്പാടും പ്രശംസയ്‌ക്ക് പാത്രമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
നഴ്‌സുമാർക്ക് ആശംസയുമായി ആരോഗ്യമന്ത്രി മനസിനും ശരീരത്തിനും വേദനയുള്ള ഓരോ മനുഷ്യനെയും ആശ്വസിപ്പിച്ചും സേവനം ചെയ്തും അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരിക എന്ന മഹത്തായ ദൗത്യമാണ് ലോകമെമ്പാടും നഴ്‌സുമാർ നിർവഹിക്കുന്നത്. പരിചരിക്കുക എന്നുള്ളത് ഏറ്റവും വലിയ ധർമ്മമാണ്. മദർ തെരേസയെ പോലെ വേദന അനുഭവിക്കുന്നവരെ തലോടുകയും പരിചരിക്കുകയും ചെയ്യുന്നത് ഏറ്റവും മഹത്തായ കർമ്മമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിലെ നഴ്‌സുമാർ മറ്റു രാജ്യങ്ങളിലും വലിയ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. കേരളത്തിലെ നഴ്‌സുമാർ വലിയ സേവന തല്പരരാണ് എന്ന അവിടത്തെ ഭരണാധികാരികളും ആശുപത്രി അധികൃതരും പറയാറുണ്ട്. മനുഷ്യനെ സേവിക്കുന്നതിന് ഒരു പ്രത്യേക മനസുണ്ടാവുക തന്നെ വേണം. നല്ല മനസിനുടമകൾക്ക് മാത്രമേ അതിനു കഴിയുവെന്നും മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. സ്വന്തം ദുഃഖങ്ങളും ദുരിതങ്ങളും മറന്നുകൊണ്ട് അപരന്‍റെ മനസിന് ആശ്വാസം ഉണ്ടാക്കുന്ന പ്രവൃത്തിയിലേർപ്പെടുകയാണ് ശരിയായ നഴ്‌സിങ്ങ് എന്നും മന്ത്രി കൂട്ടിച്ചേർത്തു. കൂടാതെ നിപ രോഗമസയത്ത് രോഗിയെ പരിചരിക്കുന്നതിനിടെ മരണപ്പെട്ട നഴ്‌സ് ലിനിയെ ഓർക്കാനും മന്ത്രി മറന്നില്ല. നഴ്‌സുമാർ രോഗത്തിന് കീഴ്‌പ്പെടാതിരിക്കട്ടെയെന്നും അവരുടെ മനസിനും ശരീരത്തിനും കരുത്തുണ്ടാകട്ടെയെന്നും ആരോഗ്യമന്ത്രി ആശംസിച്ചു.
ലോക നഴ്‌സ് ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും നഴ്‌സുമാർക്ക് ആശംസകൾ അറിയിച്ചിരുന്നു. നഴ്‌സുമാരാണ് കേരളത്തിന്‍റെ ഏറ്റവും വലിയ കയറ്റുമതി എന്നായിരുന്നു അദ്ദേഹം വിശേഷിപ്പിച്ചത്. നമ്മുടെ രാജ്യത്ത് മാത്രമല്ല, ലോകമെമ്പാടും അവർ തങ്ങളുടെ മുദ്ര പതിപ്പിക്കുന്നു. ഈ പകർച്ചവ്യാധി സമയത്തും അവർ നമ്മുടെ ജീവൻ രക്ഷിക്കാൻ അധ്വാനിക്കുകയാണെന്നും ഈ ദിനത്തിൽ എല്ലാ നഴ്‌സുമാരെയും ആദരിക്കുന്നതായും മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.