കണ്ണൂർ: നഗരത്തിലെ വാക്സിൻ കേന്ദ്രത്തിൽ ബോക്സിങ് റിങ് സ്ഥാപിച്ചത് വിവാദമായി. വാക്സിൻ ക്ഷാമം കാരണം ദിവസങ്ങളായി വാക്സിനേഷൻ മുടങ്ങിക്കിടന്ന മുനിസിപ്പൽ സ്കൂൾ ജൂബിലി ഹാളിലാണ് സ്പോർട്സ് കൗൺസിലിന്‍റെ നേതൃത്വത്തിൽ ബോക്സിങ് റിങ് സ്ഥാപിച്ചത്.
വാക്സിൻ കേന്ദ്രത്തിൽ ബോക്സിങ് റിങ് സ്ഥാപിച്ചത് വിവാദമായി - സ്പോർട്സ് കൗൺസിൽ
വാക്സിനേഷൻ മുടങ്ങിക്കിടന്ന മുനിസിപ്പൽ സ്കൂൾ ജൂബിലി ഹാളിൽ ബോക്സിങ് റിങ് സ്ഥാപിച്ചതാണ് വിവാദമായത്
വാക്സിനേഷൻ മുടങ്ങിക്കിടന്ന കേന്ദ്രത്തിൽ ഇന്ന് മുതൽ വാക്സിനേഷൻ നൽകുമെന്ന് അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് വാക്സിനേഷൻ എടുക്കാൻ ധാരാളം പേർ എത്തുകയും ചെയ്ത സമയത്താണ് കോർപ്പറേഷൻ മേയറുൾപ്പെടെയുളള വർ പ്രതിഷേധവുമായെത്തിയത്. കോർപ്പറേഷൻ പരിധിയിൽപ്പെട്ട ഹാളിൽ കോർപ്പറേഷന്‍റെ അനുമതിയില്ലാതെയാണ് റിങ് സ്ഥാപിച്ചതെന്നാണ് പ്രതിഷേധക്കാരുടെ വാദം. എന്നാൽ സ്പോർട്സ് കൗൺസിലിന്‍റെ പരിധിയിൽ വരുന്ന സ്കൂളിന്‍റെ ഹാളായതിനാലാണ് റിങ് സ്ഥാപിച്ചതെന്ന് സ്പോർട്സ് കൗൺസിൽ പറയുന്നു.
ജില്ലാ ഭരണകൂടം അറിഞ്ഞുകൊണ്ടാണ് ഇത്തരം പ്രവർത്തികൾ നടത്തുന്നതെന്ന് കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ രാഗേഷ് ആരോപിച്ചു. ജനങ്ങളുടെ ആരോഗ്യത്തിനാണ് കോർപ്പറേഷൻ പ്രാധാന്യം നൽകുന്നതെന്നും ഇപ്പോൾ ആവശ്യം വാക്‌സിനേഷൻ ക്യാമ്പുകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.