കണ്ണൂർ:ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങി വീണ്ടും കവർച്ച നടത്തി മുങ്ങി നടന്ന പ്രതിയെ പിടികൂടി. മൂന്ന് മാസങ്ങൾക്ക് മുൻപ് ജയിൽ മോചിതനായ കുപ്രസിദ്ധ മോഷ്ട്ടാവ് കുടിയാമല സ്വദേശി തൊരപ്പൻ സന്തോഷ് എന്ന സന്തോഷ് ആണ് പൊലീസിന്‍റെ പിടിയിലായത്. മൂന്ന് മാസം കൊണ്ട് കണ്ണൂർ, കാസർകോട് ജില്ലകളിലായി 50ലധികം കവർച്ചകളാണ് ഇയാൾ നടത്തിയത്. ചാലോട് വെച്ചാണ് കണ്ണൂർ റുറൽ എസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വിദഗ്‌ധമായി സന്തോഷിനെ പിടികൂടിയത്.
കുപ്രസിദ്ധ മോഷ്‌ടാവ് തൊരപ്പൻ സന്തോഷ് പൊലീസ് പിടിയിൽ - കുപ്രസിദ്ധ മോഷ്‌ടാവ് തൊരപ്പൻ സന്തോഷ്
ജയിലിൽ നിന്ന് ഇറങ്ങി മൂന്ന് മാസം കൊണ്ട് കണ്ണൂർ, കാസർകോട് ജില്ലകളിലായി 50ലധികം കവർച്ചകളാണ് ഇയാൾ നടത്തിയത്
കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ പൊലീസിന് എന്നും തലവേദനയായിരുന്നു തൊരപ്പൻ സന്തോഷ്. പിടികൂടി ജയിലിലടച്ചാലും ജയിൽ മോചിതനായി പുറത്തെത്തിയാൽ വീണ്ടും മോഷണം ആവർത്തിക്കും എന്നതാണ് ഇയാളുടെ രീതി. കണ്ണൂർ ജയിലിൽ നിന്നും ഇറങ്ങിയതിന് ശേഷം പൊയിനാച്ചിയിലെ പൊയിനാച്ചി ട്രാഡേഴ്‌സിൽ നിന്നും 8 ക്വിന്‍റൽ കുരുമുളക്, പയ്യന്നൂർ പെരുമ്പയിലെ സ്റ്റേഷനറി കടയിൽ നിന്നും ഒരു ലക്ഷം രൂപയോളം വിലവരുന്ന പുകയില ഉൽപ്പന്നങ്ങൾ, വൈപ്പിരിയത്തെ നഴ്‌സറിയിൽ നിന്നും വിലപിടിപ്പുള്ള ചെടികൾ മോഷ്‌ടിക്കുകയും സിസിടിവിയും കമ്പ്യൂട്ടർ അടക്കമുള്ളവ നശിപ്പിക്കുകയും അടുത്തുള്ള അഗ്രി ടൈൽസ് ആൻഡ് സാനിറ്റേറിയത്തിൽ നിന്നും 48,000 രൂപയും കമ്പ്യൂട്ടറും മോഷ്‌ടിക്കുകയും ചെയ്‌തു. കൂടാതെ ചെറുതും വലുതുമായ നിരവധി മോഷണങ്ങൾ ഈ മൂന്ന് മാസക്കാലയളവിൽ തന്നെ തൊരപ്പനും കൂട്ടരും ചെയ്‌തു.
പയ്യന്നൂർ പെരുമ്പയിലെ സ്റ്റേഷനറിക്കടയിൽ നിന്നും ഒരു ലക്ഷം രൂപയോളം വിലവരുന്ന പുകയില ഉൽപ്പന്നങ്ങൾ കവർച്ച ചെയ്‌തതിന് ശേഷമാണു അന്വേഷണം ഊർജിതമാക്കുകയും തൊരപ്പന്‍റെ കൂട്ടാളികളായ വിജേഷിനെയും ജസ്റ്റിനെയും പൊലീസ് പിടികൂടുകയും ചെയ്‌തത്. തുടർന്ന് കണ്ണൂർ റുറൽ എസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം ഉണ്ടാക്കി അന്വേഷണം ആരംഭിച്ചു. കൂട്ടാളികൾ പിടിയിലായതോടെ കേരളത്തിന് പുറത്ത് ഒളിവിലായിരുന്നു സന്തോഷ്. തെരഞ്ഞെടുപ്പിലേക്ക് പൊലീസിന്‍റെ ശ്രദ്ധ മാറിയതോടെയാണ് വീണ്ടും കണ്ണൂരിൽ തിരിച്ചെത്തിയത്.