കണ്ണൂര്‍ :ഇന്ത്യൻ ഫുട്ബോളര്‍ സഹൽ അബ്‌ദുള്‍ സമദ് (Sahal Abdul Samad) വിവാഹിതനായി. ബാഡ്‌മിന്‍റൺ താരമായ റെസ ഫർഹത്തിനെയാണ് സഹൽ ജീവിത സഖിയാക്കിയത്. ഇരുവരുടേയും വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയിലൂടെ പുറത്ത് വന്നിട്ടുണ്ട്. മറ്റന്നാള്‍ കണ്ണൂര്‍ കരിവള്ളൂരിലെ വീട്ടില്‍ വിവാഹ സത്‌കാരം നടക്കും.
കഴിഞ്ഞ ജൂലൈയിലായിരുന്നു സഹലിന്‍റേയും റെസയുടേയും വിവാഹനിശ്ചയം. ഐഎസ്‌എല്‍ ക്ലബ് കേരള ബ്ലാസ്‌റ്റേഴ്‌സിലെ (Kerala Blasters) സഹ താരങ്ങളായ രാഹുൽ കെപി, സച്ചിൻ സുരേഷ് തുടങ്ങിയവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു. നവദമ്പതികള്‍ക്ക് ആശംസകള്‍ അറിയിച്ച് നിരവധി ആരാധകര്‍ രംഗത്ത് എത്തിയിട്ടുണ്ട്.
സാഫ് കപ്പില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ സഹൽ അബ്‌ദുള്‍ സമദിന് കഴിഞ്ഞിരുന്നു. ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ കുവൈത്തിനെതിരെ പിന്നില്‍ നില്‍ക്കെ ഇന്ത്യയെ സമനിലയിലേക്ക് എത്തിച്ച ലാലിയൻസുവാല ചാങ്‌തേയുടെ ഗോളിന് വഴിയൊരുക്കിയത് മലയാളി താരമായിരുന്നു. സമീപ കാലത്തായി ഇന്ത്യന്‍ ടീമിലെ പ്രധാനിയായി വളര്‍ന്ന താരമാണ് സഹല്‍.
ഇന്ത്യയെ ഇന്‍റര്‍ കോണ്ടിനന്‍റല്‍ കപ്പ് വിജയികളാക്കുന്നതിലും താരം നിര്‍ണായകമായിരുന്നു. 2019-ലാണ് സഹല്‍ ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറ്റം നടത്തിയത്. ഇതുവരെ കളിച്ച 30 മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളുകളും ഒമ്പത് അസിസ്റ്റുകളുമാണ് സഹലിന്‍റെ നേട്ടം.
ALSO READ: 'ഇന്ത്യന്‍ ഫുട്‌ബോളിന് കാലത്തിനൊപ്പം സഞ്ചരിക്കാന്‍ കഴിയുന്നില്ല'; തുറന്നടിച്ച് പരിശീലകന്‍ ഇഗോർ സ്റ്റിമാക്
ഐഎസ്എല്ലില്‍ 2017 മുതൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഒപ്പമുള്ള സഹലിനായി ട്രാന്‍സ്‌ഫര്‍ ജാലകത്തില്‍ ക്ലബ്ബുകള്‍ തമ്മില്‍ കടുത്ത പോരാട്ടം നടക്കുന്നുണ്ട്. നിലവില്‍ 2025 വരെ സഹൽ അബ്‌ദുള്‍ സമദിന് കേരള ബ്ലാസ്‌റ്റേഴ്‌സുമായി കരാറുണ്ട്. താരത്തിനായി മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ്സ് അടക്കമുള്ള ക്ലബ്ബുകള്‍ രംഗത്തുണ്ടെന്നാണ് സൂചന. പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കുന്ന സൗദി പ്രോ ലീഗിലേക്ക് സഹല്‍ ചേക്കേറിയേക്കുമെന്ന റിപ്പോര്‍ട്ടുകളും നേരത്തേ പുറത്തുവന്നിരുന്നു. ഇതോടെ മലയാളി താരത്തെ സ്വന്തമാക്കണമെങ്കില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് വമ്പന്‍ തുക തന്നെ ട്രാന്‍സ്‌ഫര്‍ ഫീയായി നല്‍കേണ്ടിവരും.
ALSO READ: WATCH | മെസിയുടെ പല്ല് വെളുപ്പിച്ച് ഡേവിഡ് ബെക്കാം ; വീഡിയോ പങ്കിട്ട് ഭാര്യ വിക്‌ടോറിയ
ബ്ലാസ്‌റ്റേഴ്‌സിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോഡ് നിലവില്‍ സഹൽ അബ്‌ദുള്‍ സമദിന്‍റെ പേരിലാണ്. 97 മത്സരങ്ങളിലാണ് താരം മഞ്ഞപ്പടയ്‌ക്കായി കളത്തിലിറങ്ങിയിട്ടുള്ളത്. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള സന്ദേശ് ജിങ്കന്‍ സഹലിന് ഏറെ പിന്നിലാണ്. ബ്ലാസ്‌റ്റേഴ്‌സിനായി 78 മത്സരങ്ങള്‍ കളിച്ച താരം 2020-ല്‍ ക്ലബ് വിട്ടിരുന്നു. അതേസമയം ഇതേവരെയുള്ള 97 മത്സരങ്ങളില്‍ നിന്ന് 10 ഗോളുകളാണ് താരം നേടിയിട്ടുള്ളത്. ഐഎസ്‌എല്ലിന്‍റെ 2021-22 സീസണിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായകമായ സഹലിന്‍റെ ഉജ്ജ്വല പ്രകടനം ആരാധകര്‍ ഇന്നും ഓര്‍ക്കുന്ന ഒന്നാണ്.
ALSO READ: WATCH: ലയണല്‍ മെസി ഫ്ലോറിഡയില്‍ പറന്നിറങ്ങി; ഇനി മേജർ ലീഗ് സോക്കർ ആവേശം