വൈദേകം റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പിന്‍റെ പരിശോധന കണ്ണൂർ :ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍റെ ഭാര്യയും മകനും ഡയറക്‌ടര്‍മാരായ വൈദേകം റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പിന്‍റെ പരിശോധന. കള്ളപ്പണ ഇടപാടെന്ന പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റും അന്വേഷണം ആരംഭിച്ചു. ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വൈദേകം റിസോര്‍ട്ടില്‍ പരിശോധനയ്‌ക്ക് എത്തിയത്.
സ്ഥാപനത്തിന്‍റെ സാമ്പത്തിക ഇടപാടുകളാണ് സംഘം പ്രധാനമായും പരിശോധിച്ചത്. അതേസമയം മുന്‍കൂട്ടി നോട്ടിസ് നല്‍കിയിരുന്നില്ലെന്നും പരിശോധനയെ സ്വാഗതം ചെയ്യുന്നുവെന്നും വൈദേകം സിഇഒ തോമസ് ജോസഫ് പറഞ്ഞു. കമ്പനി ഷെയർ ഹോള്‍ഡേഴ്‌സിന്‍റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് കമ്പനിയുടെ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചത്. അത് കള്ളപ്പണമല്ല. ഇഡി അന്വേഷണം നടത്തേണ്ട കാര്യമില്ല. എങ്കിലും ഇഡിയുടെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും സിഇഒ പറഞ്ഞു.
എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍റെ ഭാര്യ ഇന്ദിര ചെയര്‍ പേഴ്‌സണും മകന്‍ ഡയറക്‌ടറുമായ ആയുര്‍വേദ റിസോര്‍ട്ടായ വൈദേകത്തിന്‍റെ മറവില്‍ കള്ളപ്പണ ഇടപാട് നടന്നുവെന്ന പരാതിയിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. കണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി വഴി ആയുർവേദ റിസോർട്ടിൽ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. റിസോർട്ടിൽ പണം നിക്ഷേപിച്ച 20 പേരുടെ വിശദാംശങ്ങളും പരാതിയിൽ നൽകിയിട്ടുണ്ട്.
ഒന്നര കോടി രൂപ നിഷേപിച്ചവർ വരെ ഈ പട്ടികയിലുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഇപി ജയരാജന്‍റെ കുടുംബം ഉൾപ്പെട്ട വൈദേകം റിസോർട്ടിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് നൽകിയ പരാതിയിലാണ് അന്വേഷണത്തിന് തുടക്കം കുറിച്ചത്. അന്വേഷണത്തിന് സർക്കാർ അനുമതി തേടി വിജിലൻസ് നേരത്തേ കത്ത് നൽകിയിരുന്നു.
കുടുംബത്തിന് പങ്കാളിത്തമുള്ള റിസോർട്ടിനായി മുൻ വ്യവസായ മന്ത്രിയെന്ന നിലയിൽ ഇപി ജയരാജൻ വഴിവിട്ട ഇടപെടലുകൾ നടത്തിയെന്നും അഴിമതിയും ഗൂഢാലോചനയും കള്ളപ്പണം വെളുപ്പിക്കൽ ആരോപണവും അന്വേഷിക്കണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം. നിയമം ലംഘിച്ചുള്ള അനുമതികൾ നൽകാനായി ആന്തൂർ നഗരസഭ അധ്യക്ഷയും ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്നും പരാതിയില്‍ പറയുന്നു. ഇക്കാര്യത്തിലാണ് അന്വേഷണത്തിന് വിജിലൻസ് സർക്കാരിന്‍റെ അനുമതി തേടിയത്.
സിപിഎം ശക്തി കേന്ദ്രമായ മൊറാഴയിലാണ് വൈദേകം ആയുർവേദ വില്ലേജ്. ദേശീയ പാതയിൽ നിന്നും ആറ് കിലോമീറ്റർ മാറി ഉടുപ്പ കുന്ന് ഇടിച്ച് നിരത്തിയുള്ള നിർമാണം തുടങ്ങിയത് 2017ലാണ്. കുന്നിടിച്ചുള്ള നിർമാണത്തിന് എതിരെ തുടക്കത്തിൽ പ്രാദേശികമായി സിപിഎമ്മും ശാസ്ത്ര സാഹിത്യ പരിഷത്തും രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇപി ജയരാജന്‍ ഇടപെട്ടതോടെ പ്രതിഷേധങ്ങൾ തണുത്തു.
സിപിഎം ഭരിക്കുന്ന ആന്തൂർ നഗരസഭയിൽ നിർമാണത്തിനുള്ള അനുമതിയും ലഭിച്ചു. കുന്നിടിച്ചുള്ള നിർമാണത്തിന് എതിരെ പാർട്ടിക്കുള്ളിൽ വൻ വിമർശനം ഉയര്‍ന്നിരുന്നെങ്കിലും എല്ലാം ഒതുക്കി തീർക്കുകയായിരുന്നു. മകന്‍ ഉള്‍പ്പടെ ഡയറക്‌ടര്‍ ബോർഡിലുണ്ടെങ്കിലും തനിക്ക് ഈ റിസോർട്ടുമായി ബന്ധമില്ലെന്നാണ് ഇ പി ജയരാജന്‍ പറയുന്നത്.
also read:'വൈദേകത്തിലെ നിക്ഷേപം'; ആരോപണത്തില്‍ സിപിഎം സെക്രട്ടേറിയറ്റില്‍ ഇപിയുടെ മറുപടി
2014ൽ പികെ ജെയ്‌സണും തലശ്ശേരിയിലെ വ്യവസായി കെപി രമേശ് കുമാറും ഡയറക്‌ടര്‍മാരായാണ് വൈദേകം ആയുർവേദ ഹീലിങ് വില്ലേജ് എന്ന സംരംഭം ആരംഭിക്കുന്നത്. ഇപിയുടെ ഭാര്യ ഇന്ദിരയും 2021 ഒക്ടോബറില്‍ വൈദേകത്തിന്‍റെ ഡയറക്‌ടര്‍ ബോർഡില്‍ അംഗമായെങ്കിലും ഇപ്പോൾ റിസോർട്ടിന്‍റെ വെബ്സൈറ്റിൽ അവരുടെ പേരില്ല.