കണ്ണൂർ : കൊവിഡ് വ്യാപനത്തിന്‍റെ മറവിൽ തളിപ്പറമ്പ് നഗരസഭയിൽ അനധികൃത നിർമാണം തകൃതിയെന്ന് പരാതി. സംസ്ഥാന പാതയിൽ കരിമ്പം പോസ്റ്റ് ഓഫിസിന് സമീപത്താണ് സ്വകാര്യ വ്യക്തി റോഡിനോട് ചേർന്ന സ്ഥലം കയ്യേറി കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ഇത് നഗരസഭ അധികൃതരുടെ അറിവോടെയാണെന്നാണ് നാട്ടുകാരുടെ ആരോപണം.
സംസ്ഥാന പാതയിൽ നിന്നും ഐഎംഎ റോഡിലേക്ക് കയറുന്ന ഭാഗത്താണ് നിയമവിരുദ്ധ നിർമാണം. ഇരു റോഡിൽ നിന്നും അര മീറ്റർ പോലും വിടാതെയാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. റോഡിൽ നിന്നും 3 മീറ്റർ എങ്കിലും വിട്ട് മാത്രമേ നിർമ്മാണത്തിന് ലൈസൻസ് അനുവദിക്കൂ എന്ന ചട്ടം നിലനിൽക്കെയാണ് കൊവിഡിന്‍റെ മറവിലുള്ള ഈ നടപടികള്‍. വർഷങ്ങൾക്ക് മുൻപ് 3 മീറ്റർ വിട്ട് നിർമിച്ച കെട്ടിടമാണ് റോഡിലേക്ക് ചേർന്ന് പുതുക്കി പണിതത്.