കണ്ണൂര്‍ : കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ നിലവിലുള്ള ഒപി പ്രവര്‍ത്തന സമയം ഉച്ചക്ക് ശേഷം രണ്ടുമണിവരെ ദീര്‍ഘിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. നിലവിൽ രാവിലെ എട്ട് മുതല്‍ 10 വരെയാണ് ഒപി പ്രവര്‍ത്തന സമയം. പരിയാരം സ്വദേശി കെ.പി.മൊയ്തു സമര്‍പ്പിച്ച പരാതിയെ തുടർന്നാണ് പുതിയ നിർദേശം. പരാതിയുമായി ബന്ധപ്പെട്ട് അഞ്ച് നിര്‍ദേശങ്ങളാണ് മനുഷ്യാവകാശ കമ്മിഷന്‍ അംഗം പി.മോഹന്‍ദാസ് ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയത്.
കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ ഒപി ഉച്ചക്ക് രണ്ടു വരെ പ്രവര്‍ത്തിക്കണം - ഒപി പ്രവര്‍ത്തന സമയം
മനുഷ്യാവകാശ കമ്മിഷന്‍റേതാണ് നിര്‍ദേശം
ആശുപത്രിയില്‍ സേവനം ചെയ്യുന്ന ഡോക്ടര്‍മാരുടെ പേരും ബിരുദങ്ങളും രോഗികള്‍ക്ക് കാണാവുന്ന വിധത്തില്‍ മലയാളത്തില്‍ എഴുതി പ്രദര്‍ശിപ്പിക്കുക, ലേബര്‍റൂം, കാഷ്വാലിറ്റി എന്നിവിടങ്ങളില്‍ ഇപ്പോള്‍ ഉപയോഗിച്ചുവരുന്ന പഴയ ഉപകരണങ്ങള്‍ മാറ്റി പുതിയവ ഉപയോഗിക്കണം, റസിഡന്‍റ് മെഡിക്കല്‍ ഓഫീസര്‍-ആര്‍എംഒ ക്വാര്‍ട്ടേഴ്‌സ് അടിയന്തര അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ആര്‍എംഒക്ക് ആശുപത്രിക്കകത്ത് താമസിക്കാന്‍ സൗകര്യമൊരുക്കുക എന്നിവയാണ് മനുഷ്യാവകാശ കമ്മിഷൻ പുറപ്പെടുവിച്ച ഉത്തരവുകൾ. സംസ്ഥാന ചീഫ് സെക്രട്ടറി, ഹെല്‍ത്ത് ആന്‍റ് ഫാമിലി വെല്‍ഫേര്‍ വിഭാഗം, മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയരക്ടര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍, സൂപ്രണ്ട് എന്നിവര്‍ക്കാണ് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ തങ്ങളുടെ പേരും ബിരുദവും പ്രദര്‍ശിപ്പിക്കാത്തതിനാല്‍ രോഗികള്‍ക്ക് തങ്ങളെ ചികില്‍സിക്കുന്നത് ആരാണെന്ന് അറിയാന്‍ സാധിക്കുന്നില്ലെന്നും കാല്‍ നൂറ്റാണ്ട് പഴയ ഉപകരണങ്ങളാണ് ആശുപത്രിയിലെ പ്രധാന വിഭാഗങ്ങളില്‍ ഉപയോഗിക്കുന്നതെന്നും പരാതിയിൽ പറയുന്നു.
ആര്‍എംഒ ആശുപത്രിക്കകത്ത് താമസിക്കാതെ ദൂരെയുള്ള സ്ഥലത്ത് താമസിക്കുന്നതിനാല്‍ രോഗികള്‍ക്ക് അത്യാവശ്യഘട്ടങ്ങളില്‍ സേവനം ലഭിക്കുന്നില്ലെന്നും മൊയ്തു പരാതിപ്പെട്ടിരുന്നു. പരാതികള്‍ ഭൂരിഭാഗവും ശരിവെക്കുന്ന രീതിയിലുള്ള വിശദീകരണമാണ് ആശുപത്രി സൂപ്രണ്ടും പ്രിന്‍സിപ്പാളും കമ്മിഷന് നല്‍കിയത്. ഇത് പരിഗണിച്ചാണ് അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.