കണ്ണൂർ :വീടുകളില്‍ ലൈബ്രറികളൊരുക്കി തങ്ങളുടെ വായനാലോകം വിപുലപ്പെടുത്തുകയാണ് തളിപ്പറമ്പ് സിഎച്ച് മെമ്മോറിയൽ ഏയ്‌ഡഡ് എൽപി സ്കൂളിലെ അദ്ധ്യാപകരും വിദ്യാർഥികളും. നാല് വർഷമായി ഇരുന്നൂറോളം വിദ്യാർഥികളുടെ വീടുകളിലാണ് ഹോം ലൈബ്രറി പദ്ധതി നടപ്പാക്കിയത്. പുസ്തകങ്ങളാൽ സമ്പന്നമാണ് ഇപ്പോള്‍ കുട്ടികളുടെ വീടുകള്‍.
കൊവിഡ് കാലത്തും ഈ പദ്ധതി മുടങ്ങാതെ തുടരാന്‍ ഇവർക്ക് സാധിച്ചു.'അമ്മ വായന കുഞ്ഞുവായന' എന്ന പ്രമേയത്തോടെ ഇത്തവണ എട്ട് വീടുകളിലാണ് ഹോം ലൈബ്രറി ഒരുക്കിയത്. ഉദ്ഘാടനം പിടിഎ പ്രസിഡന്‍റ് റിയാസിന്‍റെ അധ്യക്ഷതയിൽ തളിപ്പറമ്പ് മുനിസിപ്പാലിറ്റി വാർഡ് കൗൺസിലർ പി.റജില നിർവഹിച്ചു.
നാലാം തരം വിദ്യാർഥിനി ഫാദിയയുടെ വീട്ടിലായിരുന്നു സ്കൂൾ തല ഉദ്ഘാടനം. കാശി, സൈഫുദ്ദീൻ ,ഫാത്തിമ സുഹ്റ, സിംറ ഫാത്തിമ, ഫാത്തിമത് ശൗഫ, മുഹമ്മദ് ഷാൻ ,ഹാദിയ, വാഫി നസ്ഹ എന്നീ കുട്ടികളുടെ വീടുകളിലും ലൈബ്രറികള്‍ സജ്ജീകരിച്ചു.
'അമ്മ വായന, കുഞ്ഞുവായന'; വീടുകളില്‍ ലൈബ്രറികളൊരുക്കി തളിപ്പറമ്പ് സിഎച്ച് സ്കൂള്‍ പുതിയ ലൈബ്രറി വീട്ടുകാർക്കും അയൽവാസികൾക്കും ഒരേപോലെ വായനയ്ക്കുള്ള സൗകര്യം സാധ്യമാക്കുന്നതാണ്. സ്കൂൾ മാനേജർ പി. സിദ്ദിഖ് പുസ്തക കൈമാറ്റം നടത്തി. ഹെഡ്‌മാസ്റ്റർ കെ മുസ്തഫയടക്കമുള്ളവര്‍ സന്നിഹിതരായിരുന്നു.
മാനേജ്മെന്‍റ് പ്രതിനിധി ജാഫർ ബദ്രിയ, അധ്യാപകരായ മുഹമ്മദ് ഇയാസ്, ഹാമിദ് ടി പി, മുത്തലിബ്, വി.എം.ഷംസുദ്ദീന്‍, ,അഷ്റഫലി റസിയ പുളുക്കൂൽ, സുഹാന ഹബീബ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.