കണ്ണൂർ:ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും ജില്ലയില്‍ വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. ജില്ലയിൽ 21 വീടുകള്‍ ഭാഗികമായും ഒരു കിണര്‍ പൂര്‍ണമായും തകര്‍ന്നു. തലശേരി താലൂക്കില്‍ 11 വീടുകളും തളിപ്പറമ്പ് താലൂക്കില്‍ ഒമ്പത് വീടുകളും ഇരിട്ടി താലൂക്കില്‍ ഒരു വീടുമാണ് ഭാഗികമായി തകര്‍ന്നത്. കോടിയേരി മുബാറക് ഹയര്‍ സെക്കന്ററി സ്കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മഴ ശക്തമായതിനെ തുടര്‍ന്ന് ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലും കണ്ട്രോള് റൂമുകള്‍ ആരംഭിച്ചു.
ജില്ലയില്‍ ഇതുവരെ 53.2 ഹെക്ടര്‍ കൃഷി നാശമുണ്ടായാതായി അധികൃതർ വ്യക്തമാക്കി. പലയിടങ്ങളിലും കടല്‍ കയറി നിരവധി വീടുകളിൽ വെള്ളം കയറി. വീടുകൾക്കും മതിലുകൾക്കും കേടുപാടുകൾ സംഭവിച്ചു. കടലാക്രമണം ഉണ്ടായ സ്ഥലങ്ങളിലെ നിരവധി പേരെ ബന്ധുവീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാണെന്നും മഴ കൂടുതൽ ശക്തിപെടുകയാണെങ്കിൽ തീര പ്രദേശത്തുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റുമെന്നും മേയർ ടി ഒ മോഹനൻ പറഞ്ഞു.