കണ്ണൂർ: 'കണ്ണൂരിന്‍റെ നെല്ലറ' എന്നാണ് മംഗലശേരി വയൽ അറിയപ്പെടുന്നത്. നെൽകൃഷി തന്നെയാണ് ഇവിടെയുള്ള കർഷകരുടെ പ്രധാന വരുമാന മാർഗം. എന്നാൽ, മഴ പെയ്യുമ്പോൾ മംഗലശേരി പുഴയിൽ നിന്നും സമീപത്തെ തോട്ടിൽ നിന്നും വയലിലേക്ക് വെള്ളം ഒഴുകിയെത്തുന്നത് കർഷകർക്ക് വലിയ ദുരിതമാകുന്നു. തൊട്ടടുത്ത പ്രദേശമായ മുതുകുടയിലും ഇതുമൂലം ഏക്കർ കണക്കിന് കൃഷിയാണ് നശിച്ചത്.
'കണ്ണൂരിന്‍റെ നെല്ലറ'യിൽ വെള്ളം കയറുന്നു; കർഷകർ പ്രതിസന്ധിയിൽ - 'കണ്ണൂരിന്‍റെ നെല്ലറ'യിൽ വെള്ളം കയറുന്നു
മഴക്കാലത്ത് പുഴയിലെയും തോട്ടിലെയും വെള്ളം വയലിലേക്ക് ഒഴുകിയെത്തുന്നത് കൃഷിനാശത്തിന് കാരണമാകുന്നു. അധികൃതർ ഇടപെട്ട് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെയും കർഷകരുടെയും ആവശ്യം

മുറിയാത്തോട് കൊളക്കാട്ട് വയലിൽ കെട്ടിക്കിടക്കുന്ന വെള്ളമാണ് തോട്ടിലൂടെ മംഗലശേരി വയലിലേക്ക് എത്തുന്നത്. പുഴയുടെ ക്രോസ് ബാർ രണ്ട് ഭാഗം മാത്രമാണ് തുറന്നിട്ടുള്ളത്. മറുഭാഗം ഇപ്പോഴും തുറക്കാൻ കഴിഞ്ഞിട്ടില്ല. അതാണ് വെള്ളം മംഗലശേരി പുഴയിൽ നിന്നും വയലിലേക്ക് എത്താൻ കാരണം. മഴ പെയ്‌താൽ ഇത് കൂടുതൽ രൂക്ഷമാകും. മംഗലശേരി പാടശേഖരത്തില്‍ 95 ഏക്കറാണ് കൃഷി ചെയ്യുന്നത്. മുതുകുട പാടശേഖരത്തിൽ 50 ഏക്കറും കൃഷി ചെയ്യുന്നുണ്ട്. വെള്ളം കയറുന്നതിനാല്‍ വലിയ നഷ്‌ടമാണ് ഉണ്ടാകുന്നതെന്ന് കർഷകർ പറയുന്നു. മംഗലശേരിയിലെയും മുതുകുടയിലെയും കർഷകർക്ക് സർക്കാർ നഷ്‌ടപരിഹാരം നൽകണമെന്നും വയലിൽ വെള്ളം കയറുന്നത് തടയാൻ ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നുമാണ് കർഷകരുടെ ആവശ്യം.