കണ്ണൂര്‍:എട്ട് ലക്ഷം രൂപയുടെ ഹവാല പണം കവർന്ന കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാനൂർ മുത്താറിപ്പീടിക സ്വദേശികളായ ചെക്കിനാണ്ടി വീട്ടിൽ ജുബീഷ് (22), കൃഷ്ണാലയത്തിൽ ഷനിൽ (21), ബൈത്തുൽസയ്‌നയിലെ ഷിനോസ് എം.പി (25) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. എസ്.ഐമാരായ ടി.പി ശ്രീജിത്ത്, കെ.സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
ഹവാല പണം കവര്‍ന്ന സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു - എട്ട് ലക്ഷം രൂപയുടെ ഹവാല പണം
കഴിഞ്ഞ ദിവസവും പാനൂര്‍ മേഖലയിൽ നിന്ന് 17 ലക്ഷം രൂപയുടെ കുഴൽപണം കവർന്നിരുന്നു.
കഴിഞ്ഞ ദിവസം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മൊകേരി സ്വദേശി ലത്തീഫ് എന്ന യുവാവിനെ തടഞ്ഞ് നിർത്തിയാണ് സംഘം പണം കവർന്നത്. ഹവാല പണമായതിനാൽ പരാതി നൽകില്ലെന്നാണ് പ്രതികൾ കരുതിയത്. ഈ പണം ബംഗളൂരു പോലെയുള്ള നഗരങ്ങളില്‍പോയി ആര്‍ഭാട ജീവിതം നയിക്കാനാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത്. പാനൂർ മേഖലയിൽ ഹവാല പണം തട്ടുന്ന നിരവധി സംഘങ്ങൾ തഴച്ച് വളരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഡിവൈ എസ്.പി കെ.വി വേണുഗോപാലിന്‍റെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. ഈ കേസില്‍ ഇനിയും നാലുപേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.