കണ്ണൂർ: സ്‌കൂൾ യൂണിഫോം അടക്കം വിവിധ ഇനങ്ങളില്‍ സർക്കാർ നല്‍കേണ്ട കോടിക്കണക്കിന് രൂപ കുടിശികയായതോടെ കണ്ണൂരിലെ കൈത്തറി സംഘങ്ങളുടെ പ്രവർത്തനം പ്രതിസന്ധിയില്‍. സർക്കാരില്‍ നിന്ന് കിട്ടേണ്ട തുക മുടങ്ങിയതോടെ കൈത്തറി സംഘങ്ങളെ ആശ്രയിച്ച് തൊഴില്‍ ചെയ്‌തിരുന്ന നെയ്ത്തു തൊഴിലാളികളും വരുമാനമില്ലാതെ ബുദ്ധിമുട്ടിലായി. ഇതിനൊപ്പം നൂൽക്ഷാമവും നൂൽ വിലയിലെ വൻവർധനവും കൂടിയായപ്പോൾ കൈത്തറി മേഖല പൂർണമായും അടച്ചുപൂട്ടലിന്‍റെ വക്കിലായെന്ന് തൊഴിലാളികളും കൈത്തറി സംഘം നടത്തിപ്പുകാരും പറയുന്നു.
സർക്കാർ മേഖലയിലെ ഹാൻവീവും, ഹാൻടെക്‌സും ഉൾപെടുന്നതാണ് കേരളത്തിലെ പ്രധാന കൈത്തറി മേഖല. സർക്കാരിന്‍റെ സ്‌കൂൾ യൂണിഫോം പദ്ധതി പ്രകാരം ലഭിക്കേണ്ട പണം കിട്ടാതായതോടെയാണ് ഈ സ്ഥാപനങ്ങളും സാമ്പത്തിക പ്രതിസന്ധിയിലായത്. സ്‌കൂൾ യൂണിഫോം ഇനത്തിൽ ഈ രണ്ടു സ്ഥാപനങ്ങള്‍ക്ക് മാത്രം കണ്ണൂരിൽ 6.40 കോടി രൂപയും റിബേറ്റ് ഇനത്തിൽ 2.5 കോടി രൂപയുമാണ് കിട്ടാനുള്ളത്.
ഹാൻവീവിന്‍റെ കണ്ണീർ:സർക്കാരിൽ നിന്ന് കൂടുതൽ കുടിശിക ലഭിക്കാനുള്ളത് സംസ്ഥാന സർക്കാരിന് കീഴിൽ കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാൻവീവിനാണ്. ഈ സ്ഥാപനത്തിന് സർക്കാരിൽ നിന്ന് ഒന്‍പത് കോടി രൂപയിൽ അധികം ലഭിക്കാനുണ്ട്. ഇതിൽ ഈ വർഷത്തെ സ്‌കൂൾ യൂണിഫോം വിതരണത്തിലെ കൂലി ഇനത്തിൽ മാത്രമായി 3.27 കോടിയും, സ്‌കൂൾ യൂണിഫോമിന്‍റെ തുണിയുടെ വിലയായ 2.6 കോടിയും കിട്ടാനുണ്ട്.
കഴിഞ്ഞ വർഷത്തെ ക്രിസ്‌മസ് റിബേറ്റ് കുടിശിക ആയ 32 ലക്ഷം രൂപയും ഇതിൽ ഉൾപെടും. എല്ലാം കൂടി കൂട്ടിയാൽ ഹാൻവീവിന് കിട്ടാനുള്ള തുക ഒന്‍പത് കോടിയിലധികം രൂപ വരും. ഹാൻടെക്‌സിനു എല്ലാം കൂടി രണ്ട് കോടി രൂപയും ലഭിക്കേണ്ടതുണ്ട്.
തൊഴിലാളികളെ മറന്ന സർക്കാർ:ഹാൻവീവിന് കീഴിൽ 160 ജീവനക്കാരും രണ്ടായിരത്തോളം നെയ്ത്തു തൊഴിലാളികളുമാണുള്ളത്. ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്‌തിട്ട് ആറു മാസത്തോളമായി. വിരമിച്ചവരുടെ ആനുകൂല്യങ്ങളും നൽകിയില്ല.