കണ്ണൂർ :22 വർഷം മുമ്പ് തോന്നിയ ഒരു കൗതുകം.. ആ കൗതുകത്തിന് പിന്നാലെ പോയ ഡേവിഡേട്ടൻ... സാമ്പത്തിക ചെലവ്, നാട്ടുകാരുടെ പരിഹാസം... ഇതൊക്കെ മറികടന്ന് കെ എം ഡേവിഡ് (65) എന്ന പയ്യന്നൂർക്കാരന്‍ ഇന്ന് നിരവധി റെക്കോഡുകൾക്ക് അവകാശിയാണ്. അതുക്കും മേലെ സ്വന്തം പേരിലൊരു ഗിന്നസ് റെക്കോഡും.
22 വർഷങ്ങൾക്ക് മുൻപ് പൊലീസിലും എക്‌സൈസിലും ജോലി ചെയ്‌ത ശേഷം വിശ്രമ ജീവിതത്തിലേക്ക് കടക്കാനൊരുങ്ങിയതാണ് കെഎം ഡേവിഡ്. അതിനിടയിലാണ് ബന്ധുവിന്‍റെ കോളജ് അഡ്‌മിഷനായി മാംഗ്ലൂരിലെ ഒരു കോളജിന്‍റെ ബ്രോഷർ ഡേവിഡിന് കിട്ടുന്നത്. പിന്നെ കോഴ്‌സുകളെ പറ്റി അറിയാൻ ആഗ്രഹമായി. അത് ഒരു താത്പര്യമായി മാറി.
വിദ്യാർഥികൾക്കായി, തൊഴിൽ അന്വേഷിക്കുന്നവർക്കായി, ഉപരിപഠനത്തിനായി കലാലയം തിരിയുന്നവർക്കായി 22 വർഷം മുമ്പ് ജീവിതത്തിൽ തുടങ്ങിയ ഒരു കൗതുക സ്വഭാവം ആണ് അയാൾ ഇന്നും തുടർന്ന് കൊണ്ടേയിരിക്കുന്നത്. ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും 89 രാജ്യങ്ങളിൽ നിന്നുമായി ഇതിനകം 9,688 ബ്രോഷറുകളാണ് ഡേവിഡ് ശേഖരിച്ചിട്ടുള്ളത്. ഇത് വീട്ടിൽ ലൈബ്രറി ആയി ഒരുക്കിയിട്ടുമുണ്ട്.
പലയിടങ്ങളിൽ നിന്നും പരിഹാസങ്ങൾ നേരിടേണ്ടി വന്നെങ്കിലും അദ്ദേഹം ബ്രോഷറുകൾ തേടിയുള്ള യാത്ര തുടർന്നുകൊണ്ടേയിരുന്നു. ഒടുവിൽ ആദ്യ നേട്ടം അദ്ദേഹത്തെ തേടി എത്തി. 2017ൽ യൂണിവേഴ്‌സൽ റെക്കോഡ് ഫോറത്തിന്‍റെ ഏഷ്യൻ റെക്കോഡ്. അതേ വർഷം ഗോൾഡൻ ബുക്ക് ഓഫ് റെക്കോഡും ലോക റെക്കോഡും. 2018 ഇൽ എത്തുമ്പോഴേക്കും ലിംക ബുക്ക് ഓഫ് റെക്കോഡും യൂണിവേഴ്‌സൽ റെക്കോഡ് ഫോറത്തിന്‍റെ ലോക റെക്കോഡ് നേട്ടവും. 2019ൽ വീണ്ടും ലിംക ബുക്‌സ് ഓഫ് റെക്കോഡ്.