കണ്ണൂര്‍:സംസ്ഥാനത്ത് അഞ്ച് കോടി രൂപ വരെയുള്ള നിക്ഷേപവുമായി വരുന്നവർക്ക് സർക്കാർ ഭൂമി ലഭ്യമാക്കുമെന്ന് മന്ത്രി ഇ.പി ജയരാജൻ. സർക്കാരിന്‍റെ നൂറ് ദിന പദ്ധതികളുടെ ഭാഗമായി ഒരു ലക്ഷം പേർക്കെങ്കിലും തൊഴിൽ ലഭ്യമാക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. തളിപ്പറമ്പ് നാടുകാണി ടെക്സ്റ്റൈൽ ഡൈയിംഗ് ആൻഡ് പ്രിന്‍റിംഗ് സെന്‍റര്‍ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
100ദിന പദ്ധതി; ഒരു ലക്ഷം പേർക്കെങ്കിലും തൊഴിൽ നല്‍കുമെന്ന് ഇ.പി ജയരാജന്‍ - സംസ്ഥാന വ്യവസായം
തളിപ്പറമ്പ് നാടുകാണി ടെക്സ്റ്റൈൽ ഡൈയിംഗ് ആൻഡ് പ്രിന്‍റിംഗ് സെന്‍റര്‍ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
നാടുകാണിയിലെ കിൻഫ്രയിൽ 10 ഏക്കർ സ്ഥലത്താണ് ഡൈയിംഗ് ആന്‍റ് പ്രിന്‍റിംഗ് സെന്‍റര്‍ നിർമിക്കുന്നത്. ഏത് തരം തുണികളും പ്രോസസ് ചെയ്യാവുന്ന രീതിയിലാണ് നിർമാണം. ആദ്യ ഘട്ടമെന്ന നിലയിൽ ഡിജിറ്റൽ പ്രിന്‍റിംഗ് സെന്‍റര്‍ മെഷീൻ ഈ വർഷം തന്നെ സ്ഥാപിക്കും. സംരംഭകർ ലൈസൻസ് സ്വന്തമാക്കി മൂന്ന് വർഷത്തിന് ശേഷം സർക്കാരിന് ലീസ് നൽകിയാൽ മതിയെന്നും ഇ.പി ജയരാജൻ പറഞ്ഞു.
നിലവിൽ സർക്കാരിന്‍റെ നൂറ് ദിന പദ്ധതികൾ വഴി 50,000 പേർക്ക് തൊഴിൽ ലഭ്യമാക്കും എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ, ഒരു ലക്ഷത്തോളം പേർക്ക് തൊഴിൽ ലഭ്യമാക്കാൻ സാധിക്കും. എല്ലാ സ്പിന്നിംഗ് മില്ലുകളിലും നൂറ് സ്ത്രീകൾക്ക് ജോലി നൽകും. അതിനാവശ്യമായ 15 ഗാർമെന്റ്സ് യൂണിറ്റുകൾ ടെക്സ്റ്റൈൽ മേഖലയിൽ തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.