കണ്ണൂര്‍:കരിവെള്ളൂർ പുത്തൂരിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം. പുത്തൂർ വട്ടപ്പൊയിലിലെ പ്രവാസിയായ ശ്രീകാന്തിന്‍റെ വീട്ടില്‍ ഇന്നലെയാണ് (ഫെബ്രുവരി മൂന്ന്) സംഭവം. 20 പവന്‍ സ്വര്‍ണവും 4,500 രൂപയുമാണ് കവര്‍ന്നത്. സംഭവം നടക്കുമ്പോള്‍ ശ്രീകാന്തിന്‍റെ ഭാര്യ ഷീജയും മകളും വീട്ടില്‍ ഇല്ലായിരുന്നു.
പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം; 20 പവന്‍ സ്വര്‍ണവും 4,500 രൂപയും കവര്‍ന്നു - പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം
കണ്ണൂരിലെ കരിവെള്ളൂരിലുണ്ടായ കവര്‍ച്ചയില്‍ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
അധ്യാപികയായ ഷീജ ഇന്നലെ വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. രണ്ട് മാല, മൂന്ന് വള, എട്ട് കമ്മൽ, ഒരു കൈച്ചെയിൻ, രണ്ട് മോതിരം എന്നിവയാണ് നഷ്‌ടപ്പെട്ടത്. രണ്ട് മുറികളിലെ ഷെൽഫിൽ നിന്നാണ് പണവും സ്വർണവും കവര്‍ന്നത്. വീടിന്‍റെ പിന്നിലെ ഗ്രില്ലിന്‍റെ പൂട്ട് പൊളിച്ച ശേഷമാണ് കള്ളൻ അകത്തുകയറിയത്.
വീടിനുള്ളില്‍ വച്ചിരുന്ന, ഷീജയുടെ മകളുടെ ടീഷർട്ട് പുറത്ത് ഉപേക്ഷിച്ചിട്ടുണ്ട്. രണ്ട് മുറിയിൽ കയറിയ മോഷ്‌ടാവ് വീട് അലങ്കോലമാക്കിയിട്ടില്ല. പയ്യന്നൂർ സിഐ മഹേഷ് കെ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി, കേസ് രജിസ്റ്റര്‍ ചെയ്‌തു.