കുഞ്ഞിമംഗലവും മൂശാരി കൊവ്വലും ഭൗമസൂചിക പദവിയിലേക്ക് കണ്ണൂർ:ലോകമറിയാൻ പോകുകയാണ് കണ്ണൂർ ജില്ലയിലെ ഏഴിമലയില്‍ കുഞ്ഞിമംഗലത്തിനടുത്തുള്ള മൂശാരി കൊവ്വൽ എന്ന കുഞ്ഞു ഗ്രാമത്തെ കുറിച്ച്. ഗ്രാമം ലോകപ്രശസ്തിയിലേക്ക് ഉയരുമ്പോൾ ഇവിടുത്ത അധ്വാനികളായി മനുഷ്യരെ കുറിച്ചും അറിയണം. കുലത്തൊഴിലായി കൈമാറി വന്നതാണ് വിളക്കുകളും തെയ്യങ്ങളുടെ ആഭരണങ്ങളും വലിയ വാർപ്പുകളുമൊക്കെ നിർമിക്കുന്ന ശില്‍പ നിർമാണ ജോലി. നേരത്തെ നൂറോളം കുടുംബങ്ങളാണ് പരമ്പരാഗതമായി മൂശാരിമാരായി ഇവിടെയുണ്ടായിരുന്നത്.
വലിയ ശാരീരിക അധ്വാനവും അതിനനുസരിച്ചുള്ള വരുമാനവും ഇല്ലാതായതോടെ പലരും മറ്റ് തൊഴിലുകൾ തേടി. പക്ഷേ മുപ്പതോളം കുടുംബങ്ങൾ ഈ തൊഴില്‍ കൈവിട്ടില്ല. ഇപ്പോഴിതാ മൂശാരി കൊവ്വല്‍ എന്ന കൊച്ചു ഗ്രാമം ഭൗമസൂചിക പദവിയിലേക്ക് അടുക്കുകയാണ്. കുഞ്ഞിമംഗലത്തെ വയലുകളിൽ നിന്ന് കിട്ടുന്ന കളിമണ്ണും, ചണച്ചാക്കും, പൂഴിയും ഉപയോഗിച്ചാണ് ശില്പങ്ങൾക്ക് വേണ്ടുന്ന അച്ച് തയ്യാറാക്കുന്നത്. അച്ച് പൂർണ്ണതയിലേക്ക് എത്താൻ അതി സൂക്ഷ്മമായി മെഴുകിൽ പ്രത്യേകം തയ്യാറാക്കിയ രൂപങ്ങളും ഇതിനോടൊപ്പം ചേർക്കുന്നു. അങ്ങനെ തയ്യാറാക്കിയ അച്ചിലേക്ക് വെങ്കലം ഉരുക്കി ഒഴിക്കും.
ഉരുക്കി എടുത്ത അച്ചിലേക്ക് ഒഴിച്ച് വാർത്തെടുക്കാൻ ഏതാണ്ട് മൂന്ന് മുതൽ അഞ്ചു മണിക്കൂർ വരെ സമയം എടുക്കും. അതി സൂക്ഷ്മതയോടെയും കായികാധ്വാനത്തിലൂടെയും ചെയ്യുന്ന പ്രവർത്തിയാണ് ഇത്. ഇതുവരെയും യന്ത്രങ്ങളുടെ സഹായം തേടിയില്ല എന്നത് പ്രദേശത്തെ കുലത്തൊഴിലിന്റെയും ശില്പങ്ങളുടെയും പേരും പെരുമയും ഉയർത്തുന്നു. അങ്ങനെയാണ് കുഞ്ഞിമംഗലം വെങ്കല ശില്പങ്ങൾക്ക് ഭൗമസൂചിക പദവി ലഭിക്കുന്നതിന് ശ്രമം തുടങ്ങിയത്. ഭൗമസൂചിക പദവി ലഭ്യമാകുന്നതോടെ കുഞ്ഞിമംഗലവും മൂശാരി കൊവ്വലും മാത്രമല്ല ഇവിടുത്തെ ശില്‍പങ്ങളും ലോകപ്രശസ്‌തമാകും.
വെങ്കല നിർമാണം: 1000 ഡിഗ്രി വരെ ചൂടിൽ ഉരുക്കുന്ന വെങ്കലം അച്ചിലേക്ക് ഒഴിച്ചെടുത്താണ് വിഗ്രഹങ്ങളും ആഭരണങ്ങളുമെല്ലാം നിർമിക്കുന്നത്. കണ്ണൂർ ജില്ലയിലെ ക്ഷേത്രങ്ങൾക്കും കാവുകൾക്കും ആവശ്യമായ ആഭരണങ്ങളും ആയുധങ്ങളും ഇവിടെയാണ് ഒരുങ്ങുന്നത്. ചിലമ്പ്, ഒട്ടോലും മണി, നെറ്റിപ്പട്ടം, കോമരത്തിന്റെ കാശുമാല, ഗുളികൻ, ചാമുണ്ഡി, കുറത്തി തുടങ്ങിയ വിവിധ തരം തെയ്യക്കോലങ്ങളുടെ ആഭരണങ്ങളും ഇവിടെ അതിശ്രദ്ധയോടെ നിർമ്മിച്ചുകൊടുക്കുന്നു. നിലവിളക്ക് തൂക്കുവിളക്ക്, ലക്ഷ്മിവിളക്ക്, കൃഷ്ണവിളക്ക് ദശാവതാര വിളക്ക്, വടക്കൻ വിളക്ക്, തടവിളക്ക് തുടങ്ങി 35 ഓളം വിളക്കുകളും ഇവിടുത്തെ ആലയിൽ ഒരുക്കാറുണ്ട്.
ഭൗമസൂചിക പദവിക്ക് ശ്രമം (ജി ഐ പദവി):ശില്പ നിർമാണത്തിന് ആധുനിക സാങ്കേതികവിദ്യ സ്വീകരിച്ചാണ് തുടക്കം. ജില്ല പഞ്ചായത്ത്, ജില്ല വ്യവസായ കേന്ദ്രം, ജില്ല നൈപുണ്യ വികസന സമിതി, നബാർഡ് എന്നി സ്ഥാപനങ്ങളുടെ കൂട്ടായ പ്രവർത്തനങ്ങളാണ് ഇതിനായി നടത്തുന്നത്. കോഴിക്കോട്ടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയുടെ സഹായത്തോടെ ശില്പികൾക്ക് ത്രീഡി പ്രിന്റിങ്ങിലുള്ള പരിശീലനം ആരംഭിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ദർ കുഞ്ഞിമംഗലത് എത്തിയാണ് പരിശീലനം നൽകുന്നത്.
കമ്പ്യൂട്ടർ സഹായത്തോടെ ശിൽപ്പരൂപങ്ങൾ ഉണ്ടാക്കുന്നതിനുള്ള പരിശീലമാണ് ആദ്യം. തുടർന്ന് നേരിട്ട് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ചെയ്യും. ഇതിനുശേഷമായിരിക്കും ഭൗമ സൂചിക പദവിക്കുള്ള നടപടി സ്വീകരിക്കുക. കുഞ്ഞിമംഗലത്തെ ആധുനിക വെങ്കല മാതൃക ഗ്രാമമാക്കി മാറ്റുന്നതിനുള്ള പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപയും നീക്കിവിച്ചിട്ടുണ്ട്. മൂശാരിമാർ ഒന്നിച്ചു കഴിയുന്ന നാടയതിനാൽ ആണ് ഈ ഗ്രാമത്തിന് മൂശാരി കൊവ്വൽ എന്ന പേര് ഇതിനു വന്നത്. മൂശ എന്നാൽ വെങ്കലം ഒരുക്കി എടുക്കാൻ ഉപയോഗിക്കുന്ന പ്രത്യേക പാത്രം ആണ്. വിഗ്രഹങ്ങൾ അടക്കം അഞ്ഞൂറിൽപരം ഉൽപ്പന്നങ്ങൾ ഈ ഗ്രാമത്തിലെ ശില്പികൾ നിർമ്മിക്കുന്നുണ്ട്.
ജി ഐ പദവി ലഭിച്ചാല്‍: ഒരു പ്രത്യേക ഉത്പന്നത്തിന്‍റെ ഗുണമേന്മ അത് ഉത്പാദിപ്പിക്കപ്പെടുന്ന സ്ഥലത്തിന്‍റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളോട് ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ അവയെ തിരിച്ചറിയാന്‍ വേണ്ടിയാണ് ഭൗമസൂചിക പദവി നല്‍കുന്നത്. മികച്ച ഗുണനിലവാരവും ഉൽപന്നത്തിന്റെ മൗലികസ്വഭാവവുമാണ് മാനദണ്ഡം. ഇന്ത്യയില്‍ നാനൂറില്‍പരം തനത് ഉത്പന്നങ്ങളാണ് ഇതുവരെ ജി ഐ പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്. പത്ത് വര്‍ഷത്തേക്കാണ് ഭൗമസൂചിക പദവി നല്‍കുക. പിന്നീട് പുതുക്കി നല്‍കും.
സംസ്ഥാനത്ത് ആറന്മുള കണ്ണാടിക്കാണ് ആദ്യമായി ഈ പദവി ലഭിച്ചത്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് നിലവിൽ 35 ഭൗമ സൂചിക ഉത്പന്നങ്ങൾ കേരളത്തിലുണ്ട്. വയനാട് ജീരകശാല അരി, വയനാട് റോബസ്റ്റ കോഫി, വാഴക്കുളം കൈതച്ചക്ക, മധ്യ തിരുവിതാംകൂർ ശർക്കര, മറയൂർ ശർക്കര, കുത്താംപുള്ളി കൈത്തറി, നവരയരി, പൊക്കാളി അരി, പാലക്കാടൻ മട്ട, ചേന്ദമംഗലം മുണ്ടുകൾ, കാസർഗോഡ് സാരി, എടയൂർ മുളക്, നിലമ്പൂർ തേക്ക്, ആലപ്പുഴ ഏലക്ക, തിരൂർ വെറ്റില, ചെങ്ങലിക്കോടൻ നാടൻ നേന്ത്രക്കായ തുടങ്ങി ഭൗമസൂചിക പദവി ലഭിച്ച ഉത്പന്നങ്ങളുടെ വിവരങ്ങൾ www.gikerala.in എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കും.
ജി ഐ ഉത്പന്നങ്ങൾ ആവശ്യക്കാരിലെത്തിക്കുന്നതിനായി മികച്ച മാർക്കറ്റിങ് രീതികൾ ഉപയോഗിക്കുന്നതിനു സംസ്ഥാന വ്യവസായ വകുപ്പ് പിന്തുണ നൽകുണ്ട്. ജി ഐ ഉത്പാദകര്‍ക്ക് നിയമപരമായ പിന്തുണയും നല്‍കും. ഇവര്‍ക്ക് ആവശ്യമായ വിപണി പിന്തുണ വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കും. ജി ഐ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാന തലത്തില്‍ ഒരു നോഡല്‍ ഓഫീസര്‍ ഉണ്ടായിരിക്കും. ജില്ല വ്യവസായ കേന്ദ്രങ്ങള്‍ വഴിയും ജി ഐ ഉത്പാദകര്‍ക്ക് സഹായം നൽകും.