കണ്ണൂർ: പ്രസവത്തിനായി ജില്ല ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കാർ കത്തി യുവതിയും ഭർത്താവും വെന്തുമരിക്കാനിടയായ സംഭവത്തിൽ കാറിൽ പെട്രോൾ ഉണ്ടായതായി ഫോറൻസിക് റിപ്പോർട്ട്. തളിപ്പറമ്പ് ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പെട്രോൾ സാന്നിധ്യം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ഫെബ്രുവരി രണ്ടിനായിരുന്നു ദാരുണമായ സംഭവം നടന്നത്. ഭാര്യയുടെ പ്രസവത്തിനായി ജില്ല ആശുപത്രിയിലേക്ക് പോയ മയ്യിൽ കുറ്റ്യാട്ടൂർ സ്വദേശികളായ താമരവളപ്പിൽ പ്രജിത്ത് (34), ഭാര്യ റീഷ (26) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ആശുപത്രിയിൽ എത്തുന്നതിന് 100 മീറ്റർ അകലെ വെച്ച് കാറിന് തീ പിടിക്കുകയായിരുന്നു.
ദാരുണ സംഭവം:കാറിന്‍റെ പിൻസീറ്റിൽ നിന്നാണ് തീ പടർന്നത്. കാറിന്‍റെ പിൻ സീറ്റിൽ ഉണ്ടായിരുന്ന നാലു പേരെ ഉടൻ തന്നെ പുറത്തെത്തിച്ചിരുന്നു. എന്നാൽ മുൻവശത്തെ ഡോർ ലോക്ക് ആയതിനാൽ പ്രജിത്തിനെയും, റിഷയേയും പുറത്തെത്തിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെ ഞെടിയിടയ്‌ക്കുള്ളിൽ ആളിപടർന്ന തീയിൽ പുറത്തേക്ക് ഇറങ്ങാൻ കഴിയാതെ രണ്ട് പേരും വെന്ത് മരിക്കുകയായിരുന്നു.
അപകട സമയത്ത് കാറിൽ ആറ് പേരായിരുന്നു ഉണ്ടായിരുന്നത്. കാറിൽ തീ പടരുന്നത് കണ്ട് പ്രജിത് തന്നെയാണ് പിൻ വശത്തെ ഡോറിന്‍റെ ലോക്ക് എടുത്തത്. ഉടൻ തന്നെ പിറകിലുണ്ടായിരുന്ന ഒരു കുട്ടി ഉൾപ്പെടെ നാല് പേർ കാറിൽ നിന്ന് പുറത്തിറങ്ങിയതിനാലാണ് വൻ അപകടം ഒഴിവായത്.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിത്തിൽ വാഹനത്തിൽ പെട്രോളിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പിന്നാലെ കാറിന്‍റെ പിൻസീറ്റിനടിയിൽ കുപ്പിയിൽ പെട്രോൾ സൂക്ഷിച്ചിരുന്നതായി മോട്ടോർ വാഹന വകുപ്പിന്‍റെയും ഫോറൻസികിന്‍റെയും കണ്ടെത്തൽ എന്ന പേരിൽ വാർത്തകളും പുറത്ത് വന്നിരുന്നു.