പൂക്കൂട നിറയ്‌ക്കുന്ന പൂപ്പാടമായി ആറളം കണ്ണൂര്‍:വന്യമൃഗങ്ങളെ തുരത്താനായി ആറളത്തെ ആദിവാസി പുനരധിവാസ മേഖലയില്‍ ആരംഭിച്ച ചെണ്ടുമല്ലി കൃഷി വിജയകരം. പച്ചക്കറി കൃഷിയിറക്കിയിരുന്ന ആറളം നിവാസികള്‍ വന്യമൃഗങ്ങളുടെ ശല്യം കാരണം പൊറുതിമുട്ടിയതോടെയാണ് പൂക്കൃഷി ആരംഭിച്ചത്. പൂക്കൃഷി തോട്ടങ്ങളില്‍ മൃഗങ്ങളുടെ ശല്യമുണ്ടാകില്ലെന്ന മനസിലാക്കിയതോടെയാണ് മേഖലയിലെ ജനങ്ങള്‍ പൂക്കൃഷിയ്‌ക്ക് തുടക്കം കുറിച്ചത്.
പരീക്ഷാണാടിസ്ഥാനത്തിലെ കൃഷി വിജയകരം:പൂക്കളുടെ മണം കാരണം വന്യമൃഗങ്ങള്‍ എത്തില്ലെന്ന് തിരിച്ചറിഞ്ഞതോടെ 2022ലാണ് മേഖലയില്‍ ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ പൂക്കൃഷി ആരംഭിച്ചത്. രണ്ട് ഏക്കര്‍ സ്ഥലത്തായിരുന്നു ആദ്യം കൃഷിയിറക്കിയത്. പൂക്കൃഷി വിജയകരമായതോടെ വന്യമൃഗങ്ങള്‍ കാടേറിയെന്ന് മാത്രമല്ല ലക്ഷക്കണക്കിന് വരുമാനവും ഇതിലൂടെ ലഭിച്ചു.
പൂക്കൃഷി വിജയകരമാണെന്ന് മനസിലാക്കിയതോടെ 2023ല്‍ കൃഷി കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിച്ചു. അഞ്ചേക്കര്‍ സ്ഥലത്താണ് മേഖലയിലെ ജനങ്ങള്‍ പൂക്കൃഷി ഇറക്കിയിട്ടുള്ളത്. ടിആർഡിഎം, കൃഷി വകുപ്പ്, തൊഴിലുറപ്പ് പദ്ധതികളുടെ സംയുക്ത സഹകരണത്തോടെ 10 ലക്ഷം രൂപ ചെലവിലാണ് ഇത്തവണ കൃഷിയിറക്കിയത്.
കൃഷിയിറക്കി ഏകദേശം 65 ദിവസത്തെ പരിപാലത്തിന് ശേഷം പൂച്ചെടികള്‍ മൊട്ടിട്ടു. ഏതാനും ദിവസങ്ങള്‍ കൊണ്ട് തന്നെ ആറളം പുനരധിവാസ മേഖല ഒരു പൂപ്പാടമായി മാറി. ദിവസം തോറും 10 കിലോ ചെണ്ടുമല്ലിയാണ് തോട്ടത്തില്‍ നിന്നും കണ്ണൂര്‍ മാര്‍ക്കറ്റിലേക്ക് കയറ്റുമതി ചെയ്യുന്നത്. മാത്രമല്ല പ്രദേശത്തെ ക്ഷേത്രങ്ങള്‍ അടക്കം പൂക്കള്‍ ആവശ്യമുള്ളവര്‍ക്കും തോട്ടത്തില്‍ നിന്ന് പൂക്കള്‍ നല്‍കുന്നുണ്ട്.
ആറളം ഫ്ലവർ പ്രൊഡ്യൂസേഴ്‌സ് കോപ്പറേറ്റീവ് സൊസൈറ്റി എന്ന പേരിൽ 11 ചെറു ഗ്രൂപ്പുകൾ ചേർന്നുണ്ടാക്കിയ സൊസൈറ്റിയാണ് ഇപ്പോൾ പൂ കൃഷിക്ക് നേതൃത്വം നൽകുന്നത്. ഈ കൂട്ടായ്‌മയിൽ മേഖലയില്‍ നിന്നുള്ള 260 അംഗങ്ങളുണ്ട്.
കൃഷി വകുപ്പിനെയും ടിആർഡിഎമ്മിനെയും സമീപിച്ച് തരിശുനിലങ്ങള്‍ കൂടി ഉൾപ്പെടുത്തി കൃഷി കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കൂട്ടായ്‌മ. ചെണ്ടുമല്ലി കൂടാതെ കുറ്റിമുള്ള, ജമന്തി തുടങ്ങിയും കൃഷി ചെയ്യുന്നുണ്ട്. ഓണക്കാലം ലക്ഷ്യമിട്ടാണ് ഇവയെല്ലാം കൃഷിയിറക്കിയിട്ടുള്ളത്. മേഖലയില്‍ പച്ചക്കറി കൃഷി ചെയ്യുന്നതിനെക്കാള്‍ ഗുണകരം പൂക്കൃഷി ചെയ്യുന്നതാണെന്നാണ് കൃഷി വകുപ്പിന്‍റെയും വിലയിരുത്തല്‍.
പച്ചക്കറി കൃഷിയും ജോറാണിപ്പോള്‍:പൂക്കൃഷിക്കൊപ്പം മേഖലയില്‍ പച്ചക്കറിയും കൃഷിയിറക്കിയിട്ടുണ്ട്. കൃതൃത കൃഷിയെന്ന പേരില്‍ അഞ്ചേക്കര്‍ സ്ഥലത്ത് പച്ചമുളക് കൃഷിയുണ്ട്. കൂടാതെ ചാമ, മുത്താറി തുടങ്ങിയവയുടെ കൃഷിയും കൂടുതല്‍ വിജയകരമാണ്. പൂക്കൃഷി കാരണം വന്യമൃഗ ശല്യം ഇല്ലാതായതോടെ മേഖലയില്‍ പച്ചക്കറി കൃഷി ചെയ്യുന്നതിന് ഇപ്പോള്‍ തടസങ്ങളൊന്നുമില്ല. മേഖലയിലെ മുഴുവന്‍ സ്ഥലവും പച്ചക്കറി, പൂക്കള്‍ തുടങ്ങിയ കൃഷികളുടെ വിളനിലമാക്കിയിരിക്കുകയാണ് ആറളം പുനരധിവാസ മേഖലയിലെ ജനങ്ങള്‍.
ആറളം പുനരധിവാസ മേഖല:കണ്ണൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട ആദിവാസി പുനരധിവാസ മേഖലകളിൽ ഒന്നാണ് ആറളം. ഏക്കര്‍ കണക്കിന് വ്യാപിച്ച് കിടക്കുന്ന സ്ഥലത്ത് നൂറുകണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. സര്‍ക്കാറിന്‍റെയും കൃഷി വകുപ്പിന്‍റെയും സഹായത്തോടെ കപ്പയും വെണ്ടയും പയറും ഉള്‍പ്പെടെയുള്ള വിളകള്‍ നേരത്തെ മേഖലയില്‍ കൃഷി ചെയ്‌തിരുന്നു. എന്നാല്‍ ഇവയെല്ലാം വന്യമൃഗങ്ങളെത്തി നശിപ്പിച്ചതോടെയാണ് പ്രദേശവാസികള്‍ ബദല്‍ മാര്‍ഗം തേടിയത്. ഇതോടെയാണ് പൂക്കൃഷിയെന്ന ആശയത്തിലേക്ക് എത്തിയത്.