കണ്ണൂര്‍: രാമന്തളി ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിൽ ഒരുക്കിയ വലിയ പൂക്കളം ക്ഷേത്ര ദർശത്തിയ ഭക്തജനങ്ങൾക്ക് കാഴ്‌ച വിരുന്നൊരുക്കി. ക്ഷേത്ര നവീകരണ സമിതിയിൽ പ്രവർത്തിക്കുന്ന 30 ഓളം ചെറുപ്പക്കാരുടെ കൂട്ടായ്‌മയാണ് ക്ഷേത്ര ആനക്കൊട്ടിലിൽ പൂക്കളം തീർത്തത്. കഴിഞ്ഞ 6 വർഷമായി മുടങ്ങാതെ ക്ഷേത്രസന്നിധിയിൽ ഈ കൂട്ടായ്‌മ പൂക്കളം ഒരുക്കി വരുന്നു.
ശങ്കരനാരായണ ദേവനുള്ള ഈ കൂട്ടായ്‌മയുടെ വഴിപാടാകുകയാണ് സന്നിധിയിലെ ഈ പൂക്കളം. 70 കിലോയോളം പൂക്കൾ ഉപയോഗിച്ചാണ് പൂക്കളം ഒരുക്കിയത്. വില കൊടുത്ത് വാങ്ങിയതിന് പുറമെ പ്രാദേശികമായി പറിച്ചെടുത്ത പൂക്കളും ഉപയോഗിച്ചു.
ക്ഷേത്ര സന്നിധിയിലെ ഭീമന്‍ പൂക്കളം 20 അടിയിൽ കൂടുതൽ വ്യാസത്തിൽ വൃത്താകൃതിയിൽ ഒരുക്കിയ പൂക്കളത്തിൽ 10 ലധികം പൂക്കൾ ഉപയോഗിച്ചു. ഉത്രാടം നാളിൽ രാവിലെ മുതൽ ഉള്ള ഒരു കൂട്ടം യുവാക്കളുടെ കഠിനപ്രയത്നമാണ് ഭീമന്‍ പൂക്കളത്തിന് പിന്നില്‍. ക്ഷേത്ര നവീകരണ സമിതി ഭാരവാഹിയും കലാകാരനുമായ കെ എം അനിൽ കുമാറാണ് പൂക്കളത്തിന്‍റെ മാതൃക വരച്ചെടുത്ത് പൂക്കളം ഒരുക്കുന്നതിന് നേതൃത്വം നല്‍കിയത്.
നവീകരണ പുനരുദ്ധാര പ്രവർത്തനങ്ങൾക്ക് ആയി 2023 ഫ്രെബ്രുവരി മാസത്തിൽ നവീകരണകലശ മഹോത്സവത്തിന് ഒരുങ്ങി നിൽക്കുന്ന ക്ഷേത്രത്തിൽ നിരവധി ഭക്തജനങ്ങളാണ് ക്ഷേത്ര ദർശനത്തോടൊപ്പം പൂക്കളം കാണാനും എത്തിച്ചേർന്നത്.