കേരളം

kerala

By

Published : Sep 15, 2022, 5:45 PM IST

ETV Bharat / state

ഉത്തരമലബാറിന്‍റെ ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്താൻ പദ്ധതി; പഴയങ്ങാടിയിൽ വരുന്നു ഫ്ലോട്ടിങ് റസ്റ്റോറന്‍റ്

മലനാട് മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ജലോപരിതല ഭക്ഷണശാല പഴയങ്ങാടിയിൽ ഒരുങ്ങുന്നത്. 1.88 കോടി രൂപയാണ് പദ്ധതിക്കായി സർക്കാർ അനുവദിച്ചിരിക്കുന്നത്.

ഫ്ലോട്ടിങ് റസ്റ്റോറന്‍റ്  ജലോപരിതല ഭക്ഷണശാല  ജലോപരിതല ഭക്ഷണശാല പഴയങ്ങാടിയിൽ  ഹൈഡൻസിറ്റി പോളിഎത്തിലീൻ  ടൂറിസം  മലനാട് മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതി  floating restaurant at pazhyangadi  floating restaurant  tourism department floating restaurant
പഴയങ്ങാടിയിൽ വരുന്നു ഫ്ലോട്ടിങ് റസ്റ്റോറന്‍റ്

കണ്ണൂർ: കൊവിഡ് പ്രതിസന്ധിയൊഴിഞ്ഞതോടെ വീണ്ടും സജീവമാകാൻ പുതിയ പദ്ധതികളുമായി കണ്ണൂരിലെ വിനോദസഞ്ചാര മേഖല. ഉത്തരമലബാറിലെ ജലോപരിതല ഭക്ഷണശാല പഴയങ്ങാടിയിൽ ഒരുങ്ങുകയാണ്. മലനാട് മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ഫ്ലോട്ടിങ് റസ്റ്റോറന്‍റ് ഒരുങ്ങുന്നത്.

പഴയങ്ങാടി- മുട്ടുകണ്ടി ഏഴോം റോഡിൽ റിവർവ്യൂ പാർക്കിന് സമീപത്താണ് റസ്റ്റോറന്‍റിന്‍റെ നിർമാണം പുരോഗമിക്കുന്നത്. ഹൈഡൻസിറ്റി പോളിഎത്തിലീൻ എന്ന സംയുക്തം ഉപയോഗിച്ചാണ് റസ്റ്റോറന്‍റിന്‍റെ തറഭാഗം നിർമിക്കുന്നത്. പരസ്‌പരം കൂട്ടിയോജിപ്പിക്കാവുന്ന 1100ലധികം എച്ച് ഡി പോളിഎത്തിലീൻ ക്യൂബുകളാണ് 3000 ചതുരശ്ര അടി വരുന്ന ഭക്ഷണശാലയുടെ നിർമാണത്തിന് ഉപയോഗിക്കുന്നത്. ഒരേസമയം 70 മുതൽ 80 വരെ ആളുകൾക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യം റസ്റ്റോറന്‍റിൽ ഉണ്ടാകും.

പഴയങ്ങാടിയിൽ വരുന്നു ഫ്ലോട്ടിങ് റസ്റ്റോറന്‍റ്

ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തിൽ പൊതുമേഖല സ്ഥാപനമായ 'കെൽ' നിർവഹണ ഏജൻസിയായി ഏറ്റെടുത്ത പ്രവൃത്തിക്ക് 1.88 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. വിശാലമായ അടുക്കളയും ഇതിനകത്ത് ഒരുക്കും. ഭക്ഷണശാലയും നടപ്പാതയും പൂർണമായും കൈവരികളാൽ സുരക്ഷിതമാകും.

2 മീറ്റർ വീതിയിലും 9 മീറ്റർ നീളത്തിലും നിർമിക്കുന്ന ഭക്ഷണശാലയിൽ ഒരേസമയം അകത്ത് പ്രവേശിക്കാനും, പുറത്ത് കടക്കാനുമുള്ള വഴിയും ഒരുക്കും. ഭക്ഷണശാലയുടെ മേൽക്കൂര പോളികാർബൺ, സ്റ്റീൽ എന്നിവ ഉപയോഗിച്ച്‌ ആകർഷകമായി നിർമിക്കാനാണ് പദ്ധതിയിടുന്നത്. ബോട്ട് ടെർമിനൽ, കുട്ടികളുടെ പാർക്ക് എന്നിവയോടൊപ്പം ഭക്ഷണ നൗക വിനോദ സഞ്ചാരികൾക്ക് നവ്യാനുഭവമാകും. മാടായിപാറ അടക്കം നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളുള്ള ഇവിടെ ഫ്ലോട്ടിങ് റസ്റ്റോറന്‍റ് കൂടി പ്രവർത്തനം ആരംഭിക്കുന്നതോടെ ജില്ലയിലെ മികച്ച ജലവിനോദ സഞ്ചാര കേന്ദ്രമായി പഴയങ്ങാടിയെ മാറ്റാനുള്ള ഒരുക്കത്തിലാണ് സംഘാടകർ.

ABOUT THE AUTHOR

...view details