കണ്ണൂർ: പരിയാരത്ത് ജെസിബിയുടെ ബ്രേക്കർ കവർന്ന സംഭവത്തിൽ അഞ്ച് പേരെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരോട് തലമുണ്ട സ്വദേശികളായ ചാലിൽ ഹൗസിൽ എം അജിത്ത്, പാടിയിൽ ഹൗസിൽ കൊടി മിഥുൻ, മുട്ട ഹൗസിൽ എം പ്രജീഷ് എന്ന കുട്ടൻ, അമൽ നിവാസിൽ എം വി അമൽ എന്ന ലാലു, കൂടാളി കുമ്മത്തെ രമ്യ നിവാസിൽ കെ സബിൻ എന്നിവരാണ് അറസ്റ്റിലായത്.
പരിയാരത്ത് ജെസിബിയുടെ ബ്രേക്കർ കവർന്ന സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ - robbery
10 ലക്ഷം രൂപ വില വരുന്ന ബ്രേക്കറാണ് ഓഗസ്ത് 16 ന് പുലർച്ചെ പ്രതികൾ കവർന്നത്. അറസ്റ്റിലായവരെ കൂടാതെ ബ്രേക്കർ കടത്താൻ ഉപയോഗിച്ച ടിപ്പറിന്‍റെ ഡ്രൈവറും കേസിൽ പ്രതിയാണ്
10 ലക്ഷം രൂപ വില വരുന്ന ബ്രേക്കറാണ് ഓഗസ്ത് 16ന് പുലർച്ചെ പ്രതികൾ കവർന്നത്. കടന്നപ്പള്ളി കള്ളക്കാത്തോട് ശ്മശാനത്തിന് സമീപം കെഎസ്ഇബിയുടെ ട്രാൻസ്മിഷൻ ജോലിക്ക് വേണ്ടി പുതിയ ജെസിബി കൊണ്ടു വന്നിരുന്നു. അതിൽ ഘടിപ്പിക്കാനായി 1000 കിലോയിൽ അധികം തൂക്കമുള്ള ബ്രേക്കർ ആഗസ്ത് 15 നാണ് എത്തിച്ചത്. തൃശൂർ ആസ്ഥാനമായ ടെസ് ട്രാൻസ്കോ കമ്പനിക്കായിരുന്നു ഇതിന്‍റെ കരാർ ചുമതല. അവരുടെ ഉടമസ്ഥതയിലുള്ള ബ്രേക്കറാണ് കരാർ ജീവനക്കാരനായ അജിത്തിന്‍റെ നേതൃത്വത്തിൽ പിറ്റേന്ന് പുലർച്ചെ കവർന്നത്. കൺസ്ട്രക്ഷൻ കമ്പനിയുടെ ഏരിയാ മാനേജർ റോയിയുടെ പരാതിയിലാണ് പരിയാരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.
പരിയാരം പ്രിൻസിപ്പൽ എസ്‌ഐ എംപി ഷാജി, അന്വേഷണ ചുമതലയുള്ള എസ്‌ഐ ടി രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. അറസ്റ്റിലായവരെ കൂടാതെ ബ്രേക്കർ കടത്താൻ ഉപയോഗിച്ച ടിപ്പറിന്‍റെ ഡ്രൈവറും കേസിൽ പ്രതിയാണ്. ഇയാൾ ഒളിവിലാണ്. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി. പ്രതികൾ കടത്തി കൊണ്ടുപോയ ബ്രേക്കറും പൊലീസ് കണ്ടെടുത്തു.