കണ്ണൂർ: തളിപ്പറമ്പ് മെയിൻ റോഡിലെ വസ്ത്രാലയത്തില്‍ വന്‍ തീപിടിത്തം. കുറ്റിക്കോൽ സ്വദേശി ബി. ഷബീര്‍ ഇസ്മായിലിന്‍റെ ഉടമസ്ഥതയിലുള്ള വീ ടെക്സ് എന്ന കടയിലാണ് ശനിയാഴ്ച പുലർച്ചയോടെ തീപിടിത്തം ഉണ്ടായത്. പത്ത് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക കണക്കുകൾ.
തളിപ്പറമ്പ് വസ്ത്രാലയത്തില്‍ വന്‍ തീപിടിത്തം - കണ്ണൂരിൽ കടക്ക് തീപിടിച്ചു
സമീപത്തെ ഒഴിഞ്ഞ പറമ്പിൽ മാലിന്യക്കൂമ്പാരത്തിൽ നിന്നാകാം ഷോപ്പിലേക്ക് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം

ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് തീപിടുത്തമുണ്ടായത്. സമീപത്തെ ഒഴിഞ്ഞ പറമ്പിൽ മാലിന്യക്കൂമ്പരത്തിൽ നിന്നാകാം ഷോപ്പിലേക്ക് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ പള്ളിയിലേക്ക് നിസ്‌ക്കാരത്തിനായി പോകുന്ന വ്യാപാരിയാണ് കടക്കുള്ളില്‍ നിന്ന് പുക ഉയരുന്നതായി കണ്ടത്. ഉടന്‍തന്നെ അഗ്നിശമനസേനയേയും പൊലീസിനേയും വിവരമറിയിച്ചു. തളിപ്പറമ്പ് അഗ്നിശമന നിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ കെ.പി.ബാലകൃഷ്ണന്‍റെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്. ഈ കടയുടെ തൊട്ടടുത്തുള്ള ലിവാസ് എന്ന ഫാന്‍സി കടയിലേക്കും തീ പടര്‍ന്നുവെങ്കിലും അഗ്നിശമന സേനയുടെ ഇടപെടല്‍ കാരണം തീ പടരുന്നത് തടയാനായി. വിഷുവിനോടാനുബന്ധിച്ച് കടയിലേക്കെത്തിച്ച തുണിത്തരങ്ങൾ ഉള്‍പ്പെടെയാണ് തീപിടിത്തത്തിൽ കത്തിനശിച്ചത്. അഗ്നിശമനസേന തീയണക്കുന്നതിനിടയില്‍ വെള്ളത്തില്‍ കുതിര്‍ന്നും തുണികൾ നശിച്ചു.