കണ്ണൂർ അർബൻ നിധിയുടെ രണ്ട് ഡയറക്‌ടർമാർ അറസ്റ്റിൽ കണ്ണൂർ : കോടികളുടെ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ രണ്ട് പേരെ കണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്‌തു. അർബൻ നിധി എന്ന സ്ഥാപനത്തിന്‍റെ രണ്ട് ഡയറക്‌ടർമാരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. തൃശൂർ വരവൂർ സ്വദേശി കെഎം ഗഫൂർ( 46) മലപ്പുറം ചങ്ങരംകുളം മേലപ്പാട്ട് ഷൗക്കത്തലി (43) എന്നിവരെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്‌ടർ പി എ ബിനു മോഹനനും സംഘവും വ്യാഴാഴ്‌ച (ജനുവരി 5) പയ്യന്നൂരിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്.
ഇവരെ മണിക്കൂറുകളോളം പൊലീസ് ചോദ്യം ചെയ്‌തിരുന്നു. വ്യാഴാഴ്‌ച കണ്ണൂർ സ്റ്റേഷനിലെത്താൻ ഇവരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും എത്താത്തതിനാൽ ഫോൺ പിന്തുടർന്നാണ് ഇരുവരെയും പിടികൂടിയത്. അർബൻ നിധി ലിമിറ്റഡ് കമ്പനിക്ക് തുടക്കത്തിൽ 7 ഡയറക്‌ടർമാരാണ് ഉണ്ടായിരുന്നത്. ചിലർ ഇടയ്ക്കുവച്ച് പിന്മാറിയതായാണ് പൊലീസിന് ലഭിച്ച വിവരം.
പിടിയിലായവർക്ക് പുറമേ മറ്റ് ഡയറക്‌ടർമാർക്കും പങ്കുണ്ടോയെന്ന അന്വേഷണവും നടക്കുകയാണ്. 3,94,68,964 രൂപ കിട്ടാനുണ്ടെന്നാണ് പരാതി. 25 പരാതികൾ വിവിധ സ്റ്റേഷനുകളിൽ ഇതുവരെ ലഭിച്ചിട്ടുണ്ട്. കോടികളുടെ തട്ടിപ്പ് ആണെന്നതിനാലും വിവിധ പ്രദേശങ്ങൾ ഉൾപ്പെടുന്നതിനാലും കേസ് രജിസ്റ്റർ ചെയ്‌ത് ക്രൈംബ്രാഞ്ചിന് കൈമാറാനാണ് സാധ്യത.
നിക്ഷേപകർക്ക് പണം തിരിച്ചുനൽകി ഒത്തുതീർപ്പ് വ്യവസ്ഥ ഉണ്ടാക്കാൻ അർബൻ നിധി ഡയറക്‌ടർമാർ ശ്രമിച്ചിരുന്നതായി വാർത്ത പ്രചരിച്ചിരുന്നു. കണ്ണൂർ നഗരത്തിൽ പ്ലാസ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന കണ്ണൂർ അർബൻ നിധി, അനുബന്ധ സ്ഥാപനമായ എടിഎം എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് പരാതികൾ ലഭിച്ചത് . സ്ഥാപനം ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്.
ഉയർന്ന പലിശ വാഗ്‌ദാനം ചെയ്‌ത് കോടികൾ നിക്ഷേപം സ്വീകരിച്ച് കാലാവധി കഴിഞ്ഞിട്ടും മുതലോ പലിശയോ തിരിച്ചുനൽകാതെ വഞ്ചിച്ചുവെന്നാണ് നിക്ഷേപകരുടെ പരാതി. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.