കണ്ണൂര്‍: പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയിറങ്ങി. ഒരാഴ്‌ചക്കാലം നീണ്ടു നിന്ന ആഘോഷച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പതിനായിരങ്ങളാണ് പറശ്ശിനിക്കടവിലേക്ക് എത്തിയത്. അഞ്ഞൂറ് വർഷം പഴക്കമുള്ള ശൈവ-വൈഷ്ണവ സങ്കൽപ്പമായ ഭഗവാൻ മുത്തപ്പൻ പരബ്രഹ്മസ്വരൂപനാണെന്നാണ് സങ്കൽപ്പം. തങ്ങളുടെ പ്രശ്‌നങ്ങൾ മുത്തപ്പനോട് നേരിട്ട് പറഞ്ഞാൽ ആശ്വാസം തേടാം എന്ന വിശ്വാസമാണ് ഭക്തരെ ഇവിടേക്ക് ആകർഷിക്കുന്നത്. എല്ലാ ദിവസവും മുടങ്ങാതെ തെയ്യം കെട്ടിയാടുന്നുയെന്നത് ഇവിടുത്തെ പ്രത്യേകതയാണ്.
പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയിറങ്ങി - festival ends at parashinikadav mutthappan temple
അഞ്ഞൂറ് വർഷം പഴക്കമുള്ള ശൈവ- വൈഷ്ണവ സങ്കൽപ്പമായ ഭഗവാൻ മുത്തപ്പൻ പരബ്രഹ്മസ്വരൂപനാണെന്നാണ് സങ്കൽപ്പം.
മുത്തപ്പൻ സന്നിധിയിൽ മറ്റ് തെയ്യക്കോലങ്ങളിൽ നിന്നും വ്യത്യസ്തമായി ചന്ദ്രക്കലയുടെ രൂപമുള്ള കിരീടം വച്ച് പരമശിവനെയും, മത്സ്യരൂപമുള്ള കിരീടം വച്ച് മഹാവിഷ്ണുവിനേയും പ്രതിനിധാനം ചെയ്യുന്ന രണ്ട് തെയ്യങ്ങളായ വെള്ളാട്ടവും തിരുവപ്പനയുമാണ് ഇവിടെ കെട്ടിയാടുന്നത്. മരുമക്കത്തായ സമ്പ്രദായത്തിലാണ് ഇപ്പോഴും ക്ഷേത്രാധികാരം നിലനിന്നുപോരുന്നത്. കുടുംബത്തിലെ മുതിര്‍ന്ന പുരുഷാംഗമാണ് പൂജാകർമ്മങ്ങൾ ചെയ്യുന്നത്. മടയൻ എന്നാണ് ഈ സ്ഥാനം വഹിക്കുന്നവർ അറിയപ്പെടുക.
ഉത്സവത്തോട് അനുബന്ധിച്ച് നിരവധി വിശേഷാൽ ചടങ്ങുകളും നടന്നു. മലയിറക്കം, തയ്യിൽ തറവാട്ടുകാരുടെ ആയോധനകലാ അഭ്യാസം, കോഴിക്കോട്, വടകര, തലശ്ശേരി ദേശക്കാരുടെ കാഴ്ചവരവ്, കുന്നുമ്മൽ തറവാട്ടിൽനിന്ന് പറശ്ശിനി മടപ്പുര കുടുംബാംഗങ്ങളും കഴകക്കാരും പഞ്ചവാദ്യം സഹിതം കലശം എഴുന്നള്ളിപ്പ്, ദേശവാസികളായ കാഴ്ചവരവുകാരുടെ യാത്രയയപ്പ് എന്നിവയാണ് ഉത്സവത്തോടനുബന്ധിച്ചത് നടന്നത്. വിവിധ കലാപരിപാടികൾക്കും കഥകളിക്കും പിന്നാലെ കലശാട്ടത്തോടെയാണ് ഉത്സവം കൊടിയിറങ്ങിയത്.