കണ്ണൂർ: തലശ്ശേരി ഫസൽ വധക്കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി പ്രതിഭാഗം അഭിഭാഷകൻ കെ. വിശ്വൻ. ഫസൽ വധക്കേസിൽ പുതിയ അന്വേഷണ സംഘം വരുമ്പോൾ നീതി നടപ്പാകുമെന്ന് പ്രതീക്ഷിക്കുന്നതായി കെ. വിശ്വൻ അറിയിച്ചു. പുതിയ അന്വേഷണം വരുന്നതോടെ പ്രതികളും സാക്ഷികളും തെളിവുകളുമെല്ലാം പുതിയ നിലയ്‌ക്ക് മാറിവരുന്ന ഒരു അപൂർവ തുടരന്വേഷണമായിരിക്കും ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
തുടരന്വേഷണത്തിൽ നീതി ലഭിക്കും
പ്രതികളുടെ നിരപരാധിത്വം തെളിയിക്കുന്നത് വിചാരണയിലാണെന്ന് ചൂണ്ടിക്കാട്ടിയ അഭിഭാഷകൻ അനാവശ്യ വിചാരണ ഒഴിവാക്കാനും ശരിയായ പ്രതികളെ വച്ചുകൊണ്ട് വിചാരണ നടത്താനും പുതിയ നടപടി കൊണ്ട് കഴിയുമെന്നും കൂട്ടിച്ചേർത്തു. നിരപരാധികളെ മാറ്റിനിർത്താനും അപരാധികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുമുള്ള ഒരു നടപടി ആയി ആ തുടരന്വേഷണം മാറുമെന്നും അദ്ദേഹം പറഞ്ഞു.