കണ്ണൂർ: ഫസൽ വധക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും നീതി നിഷേധിക്കുകയാണെന്ന് ആരോപിച്ച് കണ്ണൂരിൽ ചൊവ്വാഴ്‌ച വൃക്ഷത്തൈകൾ നട്ട് പ്രതിഷേധം. പുരോഗമന കലാ സാഹിത്യ സംഘവും കതിരൂർ പഞ്ചായത്തിലെ സാംസ്‌കാരിക സ്ഥാപനങ്ങളും ചേർന്നാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഫസൽ വധക്കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് 2012 ജൂൺ 22നാണ് ഇരുവരും എറണാകുളം കോടതിയിൽ ഹാജരായത്.
Also Read:മാഹിയില്‍ മദ്യശാലകള്‍ തുറക്കില്ല
ജയിൽവാസത്തിനുശേഷം ഏഴര വർഷമായി ജാമ്യ വ്യവസ്ഥയിൽ ഇരുവരും എറണാകുളത്താണ് കഴിയുന്നത്. യഥാർഥ കുറ്റവാളികൾ സത്യം തുറന്നുപറഞ്ഞിട്ടും തുടരന്വേഷണമില്ലാതെ നീതി വൈകിപ്പിക്കുകയാണെന്നാണ് ആരോപണം. സിബിഐയ്‌ക്കാണ് കേസിന്‍റെ അന്വേഷണ ചുമതല.
ഫസൽ വധക്കേസ്; കണ്ണൂരിൽ വൃക്ഷത്തൈകൾ നട്ട് പ്രതിഷേധം വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന ചടങ്ങിൽ വിന്നേഴ്‌സ് ലൈബ്രറി പരിസരത്ത് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എംഎൽഎയുമായ കെകെ ശൈലജ വൃക്ഷത്തൈ നടും.
ഉക്കാസ്‌മൊട്ട കൃഷ്‌ണപിള്ള സാംസ്‌കാരിക കേന്ദ്രത്തിനടുത്ത് ജില്ല സെക്രട്ടറി എംവി ജയരാജനും കുണ്ടുചിറ എകെജി ക്ലബ് പരിസരത്ത് സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനും വൃക്ഷത്തൈ നടും. ആകെ 40 കേന്ദ്രങ്ങളിലാണ് പരിപാടി.
എംഎൽഎമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, എ എൻ ഷംസീർ, കെ പി മോഹനൻ, , കെ വി സുമേഷ്, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യ, വൈസ് പ്രസിഡന്‍റ് ബിനോയ് കുര്യൻ, എം സുരേന്ദ്രൻ, സംവിധായകരായ ഷെറി, ടി ദീപേഷ്, ശിൽപ്പി വത്സൻ കൂർമകൊല്ലേരി, സാഹിത്യസംഘം സംസ്ഥാന സെക്രട്ടറി എംകെ മനോഹരൻ എന്നിവരും വിവിധ കേന്ദ്രങ്ങളിൽ തൈ നടും.