കണ്ണൂർ: കേന്ദ്ര സർക്കാർ പുറത്തിറക്കിയ മൂന്ന് കാർഷിക നിയമ ഭേദഗതിക്കെതിരായി കർഷകർ നടത്തി വരുന്ന പ്രതിഷേധത്തിന് പിന്തുണയുമായി കണ്ണൂരിൽ നിന്ന് ഡൽഹിയിലേക്ക് കർഷക മാർച്ച്. ഈ മാസം 11 ന് ഡൽഹിയിലേക്ക് മാർച്ച് നടത്തുമെന്ന് കെ.കെ.രാഗേഷ് എം.പി അറിയിച്ചു. കിസാൻ സഭ ദേശീയ വൈസ് പ്രസിഡന്‍റ് എസ്.രാമചന്ദ്രൻ പിള്ള മാർച്ച് ഫ്ളാഗ് ഓഫ് ചെയ്യും.
കണ്ണൂരിലെത്തുന്ന സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഘം 14 ന് ഡൽഹി അതിർത്തിയിലെ ഷാജഹാൻപൂരിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. അഞ്ച് സമര കേന്ദ്രങ്ങളുള്ള ഡൽഹിയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള സമരക്കാർ ഷാജഹാൻപൂരിലാണ് പ്രതിഷേധിക്കുന്നത്.