കണ്ണൂർ: തദ്ദേശപ്പോരിന്‍റെ ആരവം ഓരോ ദേശങ്ങളിലും അതിന്‍റെ ഉച്ഛസ്ഥായിയിലേക്ക് കടക്കുകയാണ്. ഓരോ സ്ഥാനാർഥിക്കും വേണ്ടി എങ്ങനെയൊക്കെ വ്യത്യസ്തത തീർക്കാമെന്ന ചിന്തയിലും പ്രവർത്തനത്തിലുമാണ് അണികൾ. അങ്ങനെ കണ്ണൂരിന്‍റെ ഗ്രാമങ്ങളിലേക്ക് കണ്ണോടിച്ചപ്പോഴാണ് അത്തരമൊരു കാഴ്‌ച കണ്ടത്. സ്ഥാനാർഥിയുടെ ചിഹ്നം മണ്ണിലും മനസ്സിലും ആഴ്ന്നിറങ്ങിയ കാഴ്‌ച.
തൂമ്പയെടുത്ത്, പുല്ല് ചെത്തിമിനുക്കി, മണ്ണിൽ അരിവാൾ ചുറ്റിക നക്ഷത്രം - suresh babu and madhu kannur news
സ്വന്തമായി വയലില്ലാത്ത മധു എന്ന കർഷകൻ സുഹൃത്തിന്‍റെ ഭൂമിയിൽ, പാണലാട് ആറാം വാർഡ് സ്ഥാനാർഥി സുരേഷ് ബാബുവിന് വേണ്ടി പുല്ല് ചെത്തിമിനുക്കിയാണ് തെരഞ്ഞെടുപ്പ് ചിഹ്നം ഒരുക്കിയത്.
കൂടാളി പഞ്ചായത്തിലെ പാണലാട് വയലിൽ പുല്ല് ചെത്തിമിനുക്കി തെരഞ്ഞെടുപ്പ് ചിഹ്നം തീർത്തിരിക്കുന്നു. സിപിഎം പ്രവർത്തകനും, അദ്ദേഹത്തിന്‍റെ ഭാഷയിൽ തന്നെ പറഞ്ഞാൽ 'കട്ട സഖാവു'മായ എ.കെ മധുവിന്‍റേതാണ് ഈ കലാ പ്രവൃത്തി. പാണലാട് ആറാം വാർഡ് സ്ഥാനാർഥിയും സുഹൃത്തുമായ സുരേഷ് ബാബുവിന് വേണ്ടിയാണ് വേറിട്ട ശൈലിയുള്ള മധുവിന്‍റെ പ്രചാരണം.
കൃഷിപ്പണിക്കാരനായ മധു നാല് ദിവസം കൊണ്ടാണ് തൂമ്പകൊണ്ട് ചെത്തി മിനുക്കി, അരിവാൾ ചുറ്റിക നക്ഷത്രം രൂപപ്പെടുത്തിയത്. സ്വന്തമായി വയലില്ലെങ്കിലും സുഹൃത്തിന്‍റെ ഭൂമിയിൽ ചിഹ്നം തീർത്തത് ഒരു നേരംപോക്കായി മധു പറയുമ്പോഴും, നാടിന്‍റെ നാളേക്ക് അത് ഒരു കലാകാരൻ സമർപ്പിക്കുന്ന അഭിവാദ്യം കൂടിയാണ്.