മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ഗായകരില്‍ ഒരാളായിരുന്നു എരഞ്ഞോളി മൂസ. കല്യാണവീടുകളില്‍ പെട്രോമാക്സിന്‍റെ വെളിച്ചത്തില്‍ നിന്ന് പാടി തുടങ്ങി ഗള്‍ഫ്നാടുകളില്‍ മുന്നൂറിലധികം വേദികളില്‍ പാടിയ മാപ്പിളപ്പാട്ട് ഗായകനായിരുന്നു അദ്ദേഹം.
എരഞ്ഞോളി വലിയകത്തെ ആസിയയുടെയും അബ്ദുവിന്‍റെയും മകനായി 1940 മാർച്ച് 18നാണ് മൂസയുടെ ജനനം. കഷ്ടപ്പാടുകളില്‍ നിന്നാണ് അദ്ദേഹം സംഗീത ലോകത്തേക്കെത്തിയത്. 'വലിയകത്ത് മൂസ' എന്നായിരുന്നു ആദ്യ കാലങ്ങളില്‍ മൂസ അറിയപ്പെട്ടിരുന്നത്. പ്രമുഖ സംഗീതജ്ഞൻ ശരത്ചന്ദ്ര മറാഠെയുടെ കീഴില്‍ രണ്ട് വർഷം സംഗീതം പഠിച്ചു. രാഘവൻ മാസ്റ്ററാണ് അദ്ദേഹത്തെ ആദ്യമായി ആകാശവാണിയിൽ പാടിച്ചത്. അക്കാലം മുതലാണ് എരഞ്ഞോളി മൂസ എന്ന പേര് പ്രസിദ്ധമാകുന്നത്. 1974 ല്‍ അബുദാബിയിലാണ് അദ്ദേഹം ആദ്യമായി ഗള്‍ഫില്‍ പാടാനെത്തുന്നത്. അവിടന്നങ്ങോട്ട് എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും സന്ദര്‍ശിച്ചു. മൂന്നൂറിലേറെ വിദേശ യാത്രകള്‍ നടത്തി, ഗള്‍ഫ് നാടുകളില്‍ മാത്രം ആയിരം വേദികളില്‍ ഗാനങ്ങള്‍ ആലപിച്ച്, മസ്കറ്റില്‍ സ്വന്തം പേരില്‍ ഒരു ജംഗ്ഷന്‍ തന്നെയുമുള്ള ഗായകനായിരുന്നു മൂസ. വാനോളം വളർന്നിട്ടും അഹങ്കാരം തൊട്ട് തീണ്ടാതെ സാധാരണക്കാരുടെ തോളത്ത് കൈയിട്ട് കുശലം ചോദിച്ച് നടക്കാനായിരുന്നു അദ്ദേഹത്തിന് ഇഷ്ടം.